തിരുവനന്തപുരം : കോൺഗ്രസ് ജന പ്രതിനിധികളെ ആക്രമിച്ചതിന് നടപടിയില്ല, അവകാശലംഘന നോട്ടിസ് തള്ളി സ്പീക്കർ. നവകേരള സദസ്സിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ സംഘടനകളെ കായികമായി നേരിട്ടതിൽ പ്രതിഷേധിച്ച് കെപിസിസി സംഘടിപ്പിച്ച മാർച്ചിനു നേരെയുണ്ടായ പോലീസ് നടപടിയിൽ അവകാശ ലംഘന നോട്ടീസ് സ്പീക്കർ എ.എൻ. ഷംസീർ തള്ളി.
നവകേരള യാത്രക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചൊതുക്കുന്നതിലും കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസിന്റെ സാന്നിധ്യത്തിൽ ഡിെൈവഫ്‌ഐക്കാർ ആക്രമിച്ചതിലും, മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസുകാരെ അടിച്ചതിലും പ്രതിഷേധിച്ചായിരുന്നു നവ കേരള സദസ്സിൻറെ സമാപന ദിവസം ഡിജിപി ഓഫീസിലേക്ക് കെ പി സിസി മാർച്ച് നടത്തിയത്.
എംഎൽഎമാരും എംപി മാരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തിരുന്നു. മാർച്ച് നിയന്ത്രിക്കാനെന്ന പേരിൽ ജനപ്രതിനിധികൾ സംസാരിച്ചുകൊണ്ടിരുന്ന വേദിക്ക് നേരെയും പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുയായിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിക്കുമ്പോഴായിരുന്നു പോലീസിന്റെ കണ്ണീർവാതക ഷെൽ വേദിക്കരികിൽ വീണ് പൊട്ടിയത്.
ഇതോടെ കെ.സുധാകരനും എം.എം.ഹസ്സനും ഉൾപ്പെടെയുള്ള നേതാക്കളെ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ മുതിർന്ന നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, കെ.മുരളീധരൻ എംപി തുടങ്ങിയ നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ പ്രവർത്തകർക്കും ചില മാധ്യമപ്രവർത്തകർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. നേതാക്കൾ പ്രസംഗിക്കുന്ന വേദിക്കു പിന്നിലാണ് പൊലീസ് ആക്രമണം നടത്തിയത്. ഈ സംഭവത്തിലാണ് ജനപ്രതിനിധികൾക്കുനേരെയുള്ള പോലീസ് ആക്ഷൻ അവകാശലംഘനമല്ലെന്ന് സ്പീക്കർ തീർപ്പ് കൽപ്പിച്ചിരിക്കുന്നത്.