അഫ്ഗാൻ്റെ മാറ്റം ക്രിക്കറ്റ് ലോകം ചർച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ചരിത്രങ്ങൾ ഓരോന്നും തിരുത്തിയെഴുതാൻ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ് ഹഷ്മത്തുള്ള ഷാഹിദിയുടെ അഫ്ഗാൻ ക്രിക്കറ്റ് പട. അടക്കിഭരിച്ചാലും തിരിച്ചുവരവ് അറിയിക്കുമെന്നമട്ടിലാണ് ക്രിക്കറ്റിൽ അഫ്ഗാൻ്റെ വളർച്ച.
പാകിസ്താനിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് അഫ്ഗാനിസ്താൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി.
ഏകദിന ഫോർമാറ്റിലാണ് ഇത്തവണത്തെ ചാംപ്യൻസ് ട്രോഫി. ആതിഥേയരും മുൻ ചാംപ്യൻമാരുമായ പാകിസ്താൻ സെമി ഫൈനലിലുണ്ടായേക്കില്ലെന്നാണ് ഷാഹിദിയുടെ പ്രവചനം. എന്നാൽ അഫ്ഗാൻ തീർച്ചയായും അവസാന നാലിലുണ്ടാവുമെന്ന് ശുഭാങ്കർ മിശ്രയുടെ യൂട്യൂബ് പോഡ്കാസ്റ്റിൽ ഷാഹിദി പറഞ്ഞു.
ഓൾടൈം ഫേവററ്റ്
ഏകദിനത്തിൽ ഓൾടൈം ലോക ഇലവനെയും ഹഷ്മത്തുള്ള ഷാഹിദി തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ രോഹിത് ശർമയും പാകിസ്താൻ മുൻ ഇടംകൈയൻ ബാറ്ററുമായ സഈദ് അൻവറുമാണ് ഓപ്പണർമാർ. വിരാട് കോലി, കുമാർ സങ്കക്കാര, പാകിസ്താൻ മുൻ താരം ഇൻസമാമുൾ ഹഖ്, മഹേല ജയവർധൻ, ആൻഡ്രു ഫ്ളിന്റോ, റാഷിദ് ഖാൻ,വഖാർ യൂനിസ്, ജസ്പ്രീത് ബുംറ എന്നിവരാണ് ഷാഹിദിയുടെ ടീം.
അങ്കത്തട്ടിലേക്ക് ആരെല്ലാം?
അടുത്ത വർഷം ഫെബ്രുവരി- മാർച്ച് മാസങ്ങളിലായിട്ടാണ് ചാംപ്യൻസ് ട്രോഫി നടക്കാനിരിക്കുന്നത്. സമീപകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് അഫ്ഗാനിസ്താൻ. അഫ്ഗാനിസ്താനെക്കൂടാതെ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരായിരിക്കും സെമി ഫൈനലിലെ മറ്റു മൂന്നു ടീമുകൾ.
എന്നാൽ “പാകിസ്താനെ ഞാൻ പൂർണമായി എഴുതിത്തള്ളില്ല. സ്വന്തം നാട്ടിലെ അനുകൂല സാഹചര്യങ്ങളിൽ കളിക്കുന്നത് അവരെ അപകടകാരികളാക്കി മാറ്റും. പാകിസ്താൻ സെമിയിലെത്തിയാൽ ഇംഗ്ലണ്ടിനെയാണ് താൻ സെമി ഫേവറിറ്റുകളിൽ നിന്നും ഒഴിവാക്കുകയെന്നും” ഷാഹിദി വ്യക്തമാക്കി.
ഈ വർഷത്തെ ഐസിസി ടി20 ലോകകപ്പിൻ്റെ സെമി ഫൈനലിലെത്തി ചരിത്രം കുറിക്കാൻ അഫ്ഗാനിസ്താനു കഴിഞ്ഞിരുന്നു. കിരീട ഫേവറിറ്റുകളായിരുന്ന ഓസ്ട്രേലിയയെ അടക്കം വീഴ്ത്തിയാണ് ചരിത്രത്തിൽ ആദ്യമായി അവർ ഒരു ഐസിസി ടൂർണമെൻ്റിൻ്റെ സെമിയിൽ കളിച്ചത്. പക്ഷെ സെമിയിൽ സൗത്താഫ്രിക്കയോടു പൊരുതാൻ പോലുമാവാതെ തോറ്റ് അഫ്ഗാൻ പുറത്താവുകയായിരുന്നു.