നത്തിങ്ങിൻ്റെ പുതിയ ഇയര്‍ഫോണ്‍ വിപണിയില്‍ ഓപ്പണ്‍ ഇയര്‍ രൂപകല്പനയോടുകൂടിയ ‘ഇയര്‍ ഓപ്പണ്‍’ എന്ന പുതിയ ഉത്പന്നമാണ് നത്തിങ് ചൊവ്വാഴ്ച വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആക്ടീവ് നോയ്സ് കാന്സലേഷനോടുകൂടിയ ഓപ്പണ്‍ ഇയര്‍ ഡിസൈനിലുള്ള ഇയര്‍ഫോണ്‍ ആയിരിക്കും നത്തിങ് ഇയര്‍ ഓപ്പണ്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആക്ടീവ് നോയ്സ് കാന്സലേഷന് ഇല്ലാതെയാണ് പുതിയ ഇയര്‍ഫോണുകള്‍ എത്തിയിരിക്കുന്നത്. മറ്റ് നത്തിങ് ഇയര്‍ മോഡലുകളെ പോലെ തന്നെ ചാറ്റ് ജിപിടി പിന്തുണയുള്ള ഇയര്‍ഫോണ്‍ ആണിത്. കമ്പനിയുടെ പതിവ് ട്രാന്സ്പാൻ്റ് ഡിസൈന്‍ ലാംഗ്വേജില്‍ ഒരുക്കിയിട്ടുള്ള ഈ വയര്‍ലെസ് ഇയര്‍ഫോണിന് ആകര്‍ഷകമായ രൂപകല്പനയോടുകൂടിയ ചാര്‍ജ് കേയ്സും നല്കിയിരിക്കുന്നു.
17999 രൂപയാണ് നത്തിങ് ഇയര്‍ ഓപ്പണിന് വില. ആപ്പിള്‍ എയര്‍പോഡ്സ് 4 നേക്കാള്‍ കൂടിയ വിലയ്ക്കാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നത്തിങ്ങിൻ്റെ തന്നെ ഏറ്റവും വിലയേറിയ ശബ്ദ ഉപകരണം എന്ന സവിശേഷതയും ഇതിനുണ്ട്. എന്നാല്‍ 17999 രൂപയുണ്ടായിട്ടും ആക്ടീവ് നോയ്സ് കാന്സലേഷന് ഇതില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയൊരു പരിമിതിയാണ്. ആപ്പിള്‍ എയര്‍പോഡ്സ് 4-മായി മത്സരിക്കാനാണ് നത്തിങ് ഇയര്‍ ഓപ്പണ്‍ എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഐപി 54 വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിങുണ്ട്. വര്‍ക്കൗട്ടിനിടയിലും ഓടുന്നതിനിടയിലും താഴെ വീഴാതെ ഉപയോഗിക്കാവുന്നവിധത്തിലാണ് രൂപകല്പന. ചെവിയ്ക്ക് മുകളിലുടെ കൊളുത്തി ഘടിപ്പിക്കാനാവുന്ന വളഞ്ഞ സ്റ്റെം ഇതിനുണ്ട്. സോണിയുടെ ഇത്തരം ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍ നേരത്തെ തന്നെ വിപണിയിലുണ്ട്.
12.4 എംഎം ഡൈനാമിക് ഡ്രൈവറാണിതില്. ഓരോ ഇയര്‍ബഡിനും 8.1 ഗ്രാം ഭാരമുണ്ട്. ഇക്കാരണത്താല്‍ കൂടുതല്‍ സമയം ചെവിയില്‍ ധരിക്കാനാവും. ബ്ലൂടൂത്ത് 5.3 പിന്തുണയ്ക്കുന്ന ഇയര്‍ഫോണില്‍ എഎസി, എസ്ബിസി കൊഡെക്കുകള് പിന്തുണയ്ക്കും. വളരെ വേഗത്തില്‍ തന്നെ ഫോണുകളുമായും ലാപ്ടോപ്പുമായും ഇത് ബന്ധിപ്പിക്കാം. നത്തിങ് എക്സ് ആപ്പിലൂടെ കൂടുതല്‍ ഫീച്ചറുകള്‍ ആക്ടിവേറ്റ് ചെയ്യാം. എട്ട് മണിക്കൂര്‍ മ്യൂസിക് പ്ലേ ബാക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.