
‘രാഹുൽ ഗാന്ധിക്കെതിരായ പരാമർശം ‘ : ഉദ്ദേശിച്ചത് പൊളിറ്റിക്കൽ ഡിഎൻഎ ; കാര്യങ്ങൾ വളച്ചൊടിക്കുന്നു എന്ന് പിവി അൻവർ
കോഴിക്കോട് : രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ മാറ്റമില്ലെന്ന് സിപിഎം നേതാവ് പി വി അൻവർ . താൻ പൊളിറ്റിക്കൽ ഡിഎൻഎ എന്നാണ് ഉദ്ദേശിച്ചതെന്നും ബയോളജിക്കൽ ഡിഎൻഎ എന്ന് പറഞ്ഞ് തന്റെ വാക്കിനെ വളച്ചൊടിച്ചത് കോൺഗ്രസാണെന്നും പിവി അൻവർ പറഞ്ഞു .
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ ഡിഎൻഎ പരിശോധിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അൻവർ ആവർത്തിച്ചു. ഇന്‍ഡ്യ മുന്നണിയിൽ നിന്നൊരു വ്യക്തി കേരളത്തിൽ വന്നിട്ട് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ചോദിക്കുന്നു. അത് രാഷ്ട്രീയ പാപ്പരത്തമെന്നും അൻവർ കുറ്റപ്പെടുത്തി.
എന്നാൽ ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ ആദ്യ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.
‘നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജനറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോൾ അൻവർ പറഞ്ഞത്.
രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റ് ആണോയെന്ന് സംശയിക്കണമെന്നും അൻവർ പറഞ്ഞിരുന്നു. കെ സി വേണുഗോപാൽ എന്ന ഏഴാം കൂലിയുടെ കയ്യിലാണ് കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പി വി അന്‍വര്‍ പരിഹസിച്ചിരുന്നു.
രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഇന്നലെയും പി വി അൻവർ എംഎൽഎ വ്യക്തമാക്കിയിരുന്നു. നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ജനങ്ങൾ ആലോചിക്കേണ്ട വിഷയമെന്നുമായിരുന്നു പി വി അൻവറിൻ്റെ പ്രതികരണം. അത് ജനങ്ങൾ കൃത്യമായി ആലോചിക്കും. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ ഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും അൻവർ ചൂണ്ടിക്കാണിച്ചു.
രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സൻ നേരത്തെ വ്യക്തമാക്കിയിരുന്നു.