
വീണ വിജയനെതിരെ ഇ.ഡി കേസെടുത്തേക്കും! എസ്.എഫ്.ഐ.ഒ റിപ്പോർട്ട് തേടി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നതായി സൂചന. 2023-ലെ ആദായനികുതി കേസിനെത്തുടർന്ന് വീണ വിജയൻ വിവിധ കേന്ദ്ര സർക്കാർ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു, ഇതുപ്രകാരം വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്നതും ഇപ്പോൾ പ്രവർത്തനം നിർത്തിയതുമായ ഐ.ടി സ്ഥാപനമായ എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസിൽ (സി.എം.ആർ.എൽ) നിന്നും 1.72 കോടി രൂപ ഇല്ലാത്ത സേവനത്തിന് ലഭിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇതു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മാസപ്പടിയാണെന്ന ആരോപണമാണ് നിലനിൽക്കുന്നത്.
തുടർന്ന്, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (എസ്എഫ്‌ഐഒ) വീണയുടെ സ്ഥാപനത്തിനെതിരെ അന്വേഷണം നടത്തുകയാണ്. എസ്എഫ്‌ഐഒ അന്വേഷണത്തെ ചോദ്യം ചെയ്ത് എക്സോളോജിക് സൊല്യൂഷൻസ് സമർപ്പിച്ച ഹർജി നേരത്തെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കൊച്ചി കോടതിയിൽ എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തെ തുടർന്ന് വീണക്കെതിരായ പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു.
‘ഈ വിഷയത്തിൽ ഫയലുകൾ ആവശ്യപ്പെട്ട് ഞങ്ങൾ എസ്എഫ്‌ഐഒയ്ക്ക് ഇ.ഡി കത്തെഴുതിയിട്ടുണ്ടെന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് (പിഎംഎൽഎ) കീഴിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കുറ്റങ്ങൾക്ക് കീഴിലാണ്. എസ്.എഫ്.ഐ.ഒ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഇ.ഡി തുടർ നടപടികൾ സ്വീകരിക്കും.
2013ലെ കമ്പനി ആക്ട് സെക്ഷൻ 447 (തട്ടിപ്പിനുള്ള ശിക്ഷ) പ്രകാരമാണ് എസ്എഫ്‌ഐഒ വീണയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്, ഇത് പിഎംഎൽഎ പ്രകാരവും കേസെടുക്കാമെന്നാണ് നിയമോപദേശം. എക്സലോഗിക് സൊല്യൂഷൻസിന് സിഎംആർഎല്ലിൽ നിന്ന് 2.7 കോടി രൂപ ലഭിച്ചതായി എസ്എഫ്‌ഐഒ ആരോപിച്ചു. ഐടി സേവനങ്ങൾ നൽകുന്നതിനായി എക്സലോജിക് സൊല്യൂഷനും സിഎംആർഎല്ലും തമ്മിലുള്ള കരാറിന് കീഴിലാണ് ഈ സാമ്പത്തിക ഇടപാടുകൾ നടത്തിയത്, എന്നാൽ അത്തരം സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്ന് എസ്എഫ്‌ഐഒ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
എക്സലോജിക്കിന് പണം നൽകിയതുൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കൾക്കായി സിഎംആർഎൽ 135 കോടി രൂപ വരെ ഇടപാടുകൾ നടത്തിയതായി എസ്എഫ്‌ഐഒ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.