News

വേണുഗോപാലിനോട് മാപ്പ് പറയാത്ത ശോഭ സുരേന്ദ്രനെതിരെ കേസെടുക്കാൻ ഉത്തരവ്

ആലപ്പുഴ: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അപകീർത്തിപ്പെടുത്തിയ കേസിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സയത്ത് കെ.സി. വേണുഗോപാലിനെതിരെ ശോഭ സുരേന്ദ്രൻ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് നിയമനടപടി.

കരിമണൽ ഖനനവുമായി ബന്ധപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചത്. രാജസ്ഥാനിലെ മുൻ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാൽ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭയുടെ പ്രചാരണം.

ഇതിനെതിരെയാണ് കെ.സി. വേണുഗോപാൽ കോടതിയെ സമീപിച്ചത്. വ്യക്തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ബോധപൂർവം നടത്തിയ ആരോപണങ്ങൾ പിൻവലിച്ചു മാപ്പു പറയണമെന്ന് കെ.സി.വേണുഗോപാൽ നേരത്തെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാൻ ശോഭാ സുരേന്ദ്രൻ തയാറാകാതെ വന്നതോടെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ വേണുഗോപാൽ ഹർജി ഫയൽ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലും കെ.സി.വേണുഗോപാൽ പരാതിയും നൽകിയിരുന്നു. ഹർജിക്കാരനായ വേണുഗോപാൽ കോടതിയിൽ നേരിട്ടെത്തി മൊഴിയും നൽകിയിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കെ.സി.വേണുഗോപാലിനെതിരെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചത് ശോഭാ സുരേന്ദ്രനായിരുന്നു.