Kerala Government News

യൂണിഫൈഡ് പെൻഷൻ സ്‌കീം: പുതിയ വേഷത്തിലെ പങ്കാളിത്ത പെൻഷൻ

ഒരു കാലത്ത് മലയാളികളുടെ സ്വപ്‌നമായിരുന്നു സർക്കാർ ജോലി. സുരക്ഷിതത്വ ബോധം. കാലാകാലങ്ങളിൽ ലഭ്യമാകുന്ന ഡി.എ, പെൻഷൻ തുടങ്ങിയവയായിരുന്നു ആകർഷണം. എന്നാൽ, പങ്കാളിത്ത പെൻഷൻ സമ്പ്രദായം അക്ഷരാർത്ഥത്തിൽ അരക്ഷിതത്വമാണ് സൃഷ്ടിച്ചത്.

കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും മിനിമം 1600 രൂപയാണ്. പങ്കാളിത്ത പെൻഷനിൽ അത്രപോലും ലഭിക്കാത്തവരുണ്ട്. ഡി.എ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചതിനൊപ്പം പങ്കാളിത്ത പെൻഷൻ കൂടിയായപ്പോൾ സർക്കാർ സേവനമേഖല അനാകർഷകമായി. ഇന്ന് സർക്കാർ മേഖലയിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഒരു കോടിയോളം പേരുണ്ട്.

കേരളത്തിൽ ഇത് രണ്ടുലക്ഷത്തിനടുത്തും. പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്ന ആവശ്യം ആദ്യ ഘട്ടങ്ങളിൽ പി.എഫ് ആർ.ഡി.എ നിയമമുൾപ്പെടെ ചൂണ്ടിക്കാട്ടി നിരസിക്കപ്പെട്ടു. പങ്കാളിത്ത പെൻഷൻകാരുടെ ദയനീയാവസ്ഥയിൽ പല സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാരുകൾ പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചുപോയതോടെ കേന്ദ്രസർക്കാരും സമ്മർദ്ദത്തിലായി. ഇതോടെ ദേശീയ പെൻഷൻ സമ്പ്രദായത്തിലെ (എൻ.പി.എസ്) ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള സമീപനം സ്വീകരിക്കുമെന്ന് കഴിഞ്ഞവർഷം മാർച്ചിൽ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. തുടർന്ന് ധനസെക്രട്ടറി ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു. നിലവിലുള്ള ഘടനയുടെ അടിസ്ഥാനത്തിൽ എൻ.പി.എസിൽ മാറ്റങ്ങൾ ആവശ്യമാണോ എന്ന് പരിശോധിക്കുകയും, അങ്ങനെയെങ്കിൽ അതിന് നിർദ്ദേശങ്ങൾ സമർപ്പിക്കുകയുമായിരുന്നു കമ്മിറ്റിയുടെ ടേംസ് ഒഫ് റഫറൻസ്.

ഒ.പി.എസും എൻ.പി.എസും

പഴയ പെൻഷൻ സ്‌കീമിൽ (ഒ.പി.എസ്) പെൻഷൻ സർക്കാരിന്റെ ബാദ്ധ്യതയാണ്. അവസാന ശമ്പളത്തിന്റെ 50 ശതമാനം വരെ പ്രതിമാസ പെൻഷനും, മിനിമം പെൻഷനും കുടുംബ പെൻഷനും പെൻഷൻ കമ്യൂട്ടേഷനും ക്ഷാമാശ്വാസവും ഗ്രാറ്റുവിറ്റിയും ഉറപ്പായിരുന്നു. 80 വയസിനു മുകളിലുള്ളവർക്ക് ഉയർന്ന പെൻഷൻ തുകയും.

എന്നാൽ നിർബന്ധിത വിഹിതവും വിപണിയെ ആശ്രയിച്ച ആനുകൂല്യങ്ങളുമാണ് നാഷണൽ പെൻഷൻ സ്‌കീമിൽ (എൻ.പി.എസ്). തൊഴിൽദാതാവിന്റെ വിഹിതം 14 ശതമാമനവും ജീവനക്കാരുടേത് 10 ശതമാനവും. ക്ഷാമാശ്വാസവും കുടുംബപെൻഷനും മിനിമം പെൻഷനുമില്ല. മറ്റുള്ളവയുടെ കാര്യത്തിൽ ഉറപ്പുമില്ല. സർവീസിലിരിക്കെ മരണമടഞ്ഞാൽ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം അനുവദിക്കും. സംയോജിത വിഹിതം ഓഹരി കമ്പോളത്തിൽ നിക്ഷേപിച്ച് ഊഹക്കച്ചവടത്തിനു വിധേയമാക്കി കിട്ടുന്ന തുക പെൻഷനായി നൽകുന്നു.

അടുത്തവർഷം ഏപ്രിൽ ഒന്നിന് നടപ്പാക്കുന്ന യൂണിഫൈഡ് പെൻഷൻ സ്‌കീം (യു.പി.എസ്) ജീവനക്കാരുടെ വിഹിതം അതേപടി നിലനിറുത്തി, മൂന്ന് ഉറപ്പുകൾ നൽകുന്നു. പെൻഷനും, കുടുംബപെൻഷനും, പത്തുവർഷ സർവീസിന് കുറഞ്ഞ മിനിമം പെൻഷനും. ഉപഭോക്തൃ വിലസൂചിക ആധാരമാക്കിയ ക്ഷാമാശ്വാസവും കിട്ടും. ഗ്രാറ്റുവിറ്റി കൂടാതെ പൂർത്തിയാക്കിയ ഓരോ ആറു മാസത്തെ സേവനത്തിനും, വിരമിക്കുന്ന മാസത്തെ അടിസ്ഥാന ശമ്പളവും ഡി.എയും ചേർത്ത തുകയുടെ 10 ശതമാനം ഒറ്റത്തവണയായി ലഭിക്കും. ഇത് പെൻഷൻ തുകയിൽ കുറയ്ക്കില്ല. സർക്കാർ വിഹിതം 18.5 ശതമാനമായി ഉയർത്തും. ഒ.പി.എസിലെ ഉറപ്പുള്ള പെൻഷനും എൻ.പി.എസിലെ നിർബന്ധിത വിഹിതവും യു.പി.എസിന്റെ ഭാഗമാണ്. എന്നാൽ 80 വയസിനു മുകളിൽ ഉയർന്ന പെൻഷൻ ഇല്ല.

പുതുവേഷം കെട്ടിയ പങ്കാളിത്ത പെൻഷൻ പദ്ധതി

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി പുതുവേഷം കെട്ടിയ പങ്കാളിത്ത പെൻഷൻ പദ്ധതിയാണ്. ഇത് വ്യത്യസ്തമായ പുതിയ പദ്ധതിയെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ പക്ഷം. എന്നാൽ നിയുക്ത കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥിന്റെ വിശദീകരണം ഇങ്ങനെയാണ്: ഇത് പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ അതേ രൂപത്തിലുള്ള ധനസഹായവും വിഹിതവുമുള്ള പദ്ധതിയാണ്. ഒരേയൊരു വ്യത്യാസം, കമ്പോളശക്തികളുടെ വ്യതിയാനങ്ങൾക്ക് കാര്യങ്ങൾ വിടാതിരിക്കുക എന്നതാണ്! യു.പി.എസിൽ രണ്ട് പദ്ധതിയുടെയും ഘടകങ്ങളുണ്ട്, അതായത് യു.പി.എസ് അഷ്വേർഡ് കോൺട്രിബ്യൂട്ടറി പെൻഷൻ ആണ്. എൻ.പി.എസ് കമ്പോളാധിഷ്ഠിത റിട്ടേൺ സമ്പ്രദായമാണെങ്കിൽ യു.പി.എസ് സർവീസ് അടിസ്ഥാന ശമ്പളാധിഷ്ഠിതമാണ്. പ്രത്യക്ഷത്തിൽ എൻ.പി.എസിനേക്കാൾ മെച്ചമാണ് യു.പി.എസ്. പ്രത്യേകിച്ച്, കുറഞ്ഞ സർവീസുള്ളവർക്ക്. എന്നാൽ പത്തു വർഷത്തിൽ കുറഞ്ഞ സർവീസ് പരാമർശിക്കുന്നില്ല.

എൻ.പി.എസിൽ ചേരുന്നവർക്ക് വ്യക്തിഗത PRAN (പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ) ഉണ്ട്. വിരമിക്കൽ സമയത്ത് ഇതിലുണ്ടാകുന്ന തുകയുടെ 60 ശതമാനം നികുതിരഹിതമായി പിൻവലിക്കാം. പെൻഷൻ നൽകുന്നതിനുള്ള നിക്ഷേപത്തിനായി 40 ശതമാനം വിനിയോഗിക്കും. എന്നാൽ യു.പി.എസിൽ 60 ശതമാനം പിൻവലിക്കൽ അനുവദനീയമല്ല. പകരം തുച്ഛമായ ലംപ്‌സംതുക നൽകും. പങ്കാളിത്ത പെൻഷൻ പ്ലാറ്റ്ഫോമിൽ പിറവിയെടുത്ത വ്യത്യസ്തമായ ഇരട്ടകളാണ് എൻ.പി.എസും യു.പി.എസും എന്നു പറയാം.

എൻ.പി.എസിൽ നിന്ന് സമാഹരിക്കപ്പെട്ട ഫണ്ട് ഓഹരി കമ്പോളത്തിൽ വൻ വാതായനങ്ങളാണ് തുറന്നത്. നിലവിൽ പത്തുലക്ഷം കോടി രൂപയാണ് എൻ.പി.എസിൽ മാനേജ് ഫണ്ട് ആസ്തി. ഇതിൽ 6,32,607 കോടി മൊത്തം സംസ്ഥാന ജീവനക്കാരുടെ അക്കൗണ്ടാണ്. ബാക്കി കേന്ദ്രജീവനക്കാരുടേതും.

പഴയ പദ്ധതിപുനഃസ്ഥാപിക്കണം

കേരളത്തിൽ സ്റ്റാറ്ര്യൂട്ടറി പെൻഷനും എക്‌സ്‌ഗ്രേഷ്യാ പെൻഷനും എൻ.പി.എസും ഉണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം പെരുവഴിയിലാണ്.

ഇത്തവണ ബഡ്ജറ്റിൽ ജീവനക്കാർക്ക് സുരക്ഷിതത്വം നൽകുന്ന, അഷ്വേർഡ് പെൻഷൻ സ്‌കീം രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കം മറിച്ചിലുമുണ്ട്. ഏറ്റവും കുറച്ച് ആനുകൂല്യങ്ങൾ ലഭിക്കുന്ന പങ്കാളിത്ത പെൻഷൻകാർ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ്. യു.ഡി.എഫ് കൊണ്ടുവന്ന പദ്ധതി പിൻവലിക്കാതെ, അതിന് പി.എഫ്.ആർ.ഡി.എ നിയമത്തിന്റെ പ്രാബല്യം നൽകിയത് എൽ.ഡി.എഫ് സർക്കാരാണ്. സർക്കാർ വിഹിതം 10 ശതമാനം മാത്രം.

കെ.എസ്.ആർ പ്രകാരം 17 ലക്ഷവും കേന്ദ്രസർവീസിൽ 25 ലക്ഷവും നൽകുമ്പോൾ, ഇവിടെ ഗ്രാറ്റുവിറ്റിയില്ല. സർവീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് നൽകുന്നത് അടിസ്ഥാനശമ്പളത്തിന്റെ 30 ശതമാനം. പെൻഷനായി കേവലം 486 രൂപ പ്രതിമാസം ലഭിക്കുന്നവരുമുണ്ട്.പങ്കാളിത്തമെന്ന അടിത്തറയാണ് യു.പി.എസിനെ അസ്വീകാര്യമാക്കുന്നത്.

ജീവനക്കാരുടെ ആവശ്യം ‘ടോപ്പ് അപ്പി’ലൂടെ മിനിമം പെൻഷനിലെത്തിക്കാനുള്ള സർക്കാർ താങ്ങലല്ല. പങ്കാളിത്ത പെൻഷന്റെ പരിഷ്‌കരിച്ച ‘ആപ്പാ’ണ് യു.പി.എസ്. ജീവനക്കാരന്റെ പെൻഷൻ നൽകേണ്ടത് തൊഴിലുടമയുടെ നിയമപരമായ ബാദ്ധ്യതയെന്ന നിലയിലുളള കടമ നിർവഹണമാണ്. അത് സ്റ്റാറ്റിയൂട്ടറി പെൻഷനിലേക്കുള്ള തിരിച്ചുപോക്കാണ്. ജീവനക്കാരുടെ ആവശ്യവും അതാണ്. മാതൃകാ തൊഴിൽദാതാവ് എന്ന നിലയിൽ സർക്കാർ, പെൻഷൻ ബാദ്ധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല,? പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിച്ചുകൊണ്ട് ആ കർത്തവ്യം നിറവേറ്റുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *