നിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടും എഡിജിപി അജിത് കുമാറിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ ഭരണപക്ഷ എംഎൽഎ പിവി അൻവറിനെ ഒതുക്കാൻ സംസ്ഥാന പോലീസ്.
പോലീസിലെയും സർക്കാരിലെയും കാര്യങ്ങൾ പുറത്തുപറയാൻ എംഎൽഎയെ സഹായിച്ച പോലിസുകാർ നിരീക്ഷണത്തിൽ. അൻവറിന് രഹസ്യങ്ങൾ ചോർത്തിയ സംഭവത്തിൽ പൊലീസിനും പങ്കുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിന്റെ ചുവടു പിടിച്ചാണ് നീക്കം.
പൊലീസിലെ വിവരങ്ങൾ ചോർന്നതിൽ ഡിജിപി ഇന്റലിജൻസിനോട് വിശദ റിപ്പോർട്ട് തേടിയിട്ടുണ്ട്. രഹസ്യങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്. അൻവറിന് ഉപദേശം നൽകുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിലുണ്ട്.
എന്നാൽ, അൻവറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. ആദ്യം പോലിസുകാരെ വലയിലാക്കുകയും അതിലൂടെ അൻവറിനെയും നിയമനടപടികളിൽ പെടുത്താനുമാണ് നീക്കം. ഫോൺ ചോർത്തിയെന്ന കാര്യം അൻവർ തന്നെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത് അൻവറിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തെളിവാണ്. അതിനു പിന്നാലെ പൊലീസ് ആസ്ഥാനത്തെ രഹസ്യരേഖ പുറത്തുവിടുകയും ചെയ്തു.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ആർ.എസ്.എസ് അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥർ അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ടുകൊണ്ട് അൻവർ ഉന്നയിച്ച ആരോപണം. പോലീസ് ആഭ്യന്തര തലത്തിൽ നടത്തിയ അന്വേഷണ റിപോർട്ട് ആര് ചോർത്തി നൽകിയെന്നതും അന്വേഷിക്കുന്നുണ്ട്.