
ആലപ്പുഴ: ചേർത്തലയിൽ വിദ്യാർത്ഥികൾക്ക് എത്തിച്ച 30 പാക്കറ്റ് നിരോധിത പുകയിലയായ ഹാൻസും വിദേശമദ്യവും കണ്ടെത്തി. സ്വകാര്യ ബസ് ഡ്രൈവർ അനിൽകുമാറും കണ്ടക്ടർ പ്രേംജിത്തും അറസ്റ്റിലായി. പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ ഓപറേഷൻ ഹണ്ടിലാണ് ഇവ പിടിച്ചെടുത്തത്.
സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ചേർത്തല സ്വകാര്യ ബസ്റ്റാൻഡിൽ പരിശോധന നടത്തിയത്. ബസിനുള്ളിൽ നിന്ന് വിദേശ മദ്യവും കണ്ടെത്തിയതായി യാത്രക്കാർ പറയുന്നുണ്ട്. ബസിന്റെ ഉടമ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ ഭാര്യയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
ചേർത്തലഎറണാകുളം റൂട്ടിൽ ഓടുന്ന എൻഎം ബസിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പും അധികൃതരും പറഞ്ഞു.