
ആലപ്പുഴ പൂച്ചക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തിൽ വാടകക്ക് താമസിക്കുന്ന റിയാസ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. എറണാകുളം സ്വദേശിയാണ് റിയാസ്.
റിയാസിന്റെ കൂട്ടുകാരൻ നിപുവിന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഇവിടെ വെച്ചുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇതിനോടനുബന്ധിച്ച് ഭാര്യാ പിതാവ് അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അഴകശ്ശേരി പറമ്പ് നാസർ, നാസറിന്റെ മകൻ റെനീഷ് എന്നിവരെ പൂച്ചാക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.
റിയാസും റനീഷയും തമ്മിൽ വഴക്ക് പതിവായിരുന്നു. റിയാസ് ഭാര്യയെ പതിവായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയും വഴക്കും മർദ്ദനവും ഉണ്ടായി. പിന്നാലെ റനീഷ് സുഹൃത്ത് ചിലമ്പശേരി നിബുവിന്റെ വീട്ടിലെത്തി. ഇവിടെയെത്തിയ റനീഷും നാസറും റിയാസിനോട് കാര്യമന്വേഷിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് റനീഷ് ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് സഹോദരീ ഭർത്താവിനെ മർദ്ദിച്ചു. നാസറും ഒപ്പമുണ്ടായിരുന്നു. മർദ്ദനത്തിനുശേഷം പിൻവാങ്ങിയ ഇരുവരെയും റിയാസ് വെല്ലുവിളിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.
തിരികെയെത്തിയ റനീഷ് റിയാസിനെ കൂടുതൽ മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. സംഭവസമയം നിബു വീടിനകത്തായിരുന്നു. സ്ട്രോക്ക് ബാധിതനായ ഇയാൾ വീടിന് മുന്നിലെത്തിയതിനുശേഷമാണ് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്.