
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് ഇന്ന് തുടക്കം കുറിക്കുകയാണ്.. ദേവാലയത്തെക്കുറിച്ചും ക്രിസ്തു രാജ സ്വരൂപത്തെക്കുറിച്ചും ആത്മീയ നിറവിൽ ഡി. ബാബുപോൾ 2012 ല്‍ എഴുതിയ കുറിപ്പ് വായിക്കാം…
പൊങ്കാലകളുടെ മാതാവായ ആറ്റുകാൽപൊങ്കാല പ്രശസ്തി ആർജിക്കുന്നതിനു മുമ്പ് മൂന്ന് ഉത്സവങ്ങൾ ആഘോഷിക്കാനാണ് സർക്കാർ തിരുവനന്തപുരത്ത് അവധി നൽകിയിരുന്നത്. ശ്രീപത്മനാഭസന്നിധിയുമായി ബന്ധപ്പെട്ട് ആറാട്ട്, ബീമാപള്ളിയിലെ ഉറൂസ്, വെട്ടുകാട് പെരുന്നാൾ. നമ്മുടെ മതനിരപേക്ഷതക്ക് സ്തുതി. വെട്ടുകാട് ഒരു തീരദേശവാസകേന്ദ്രമാണ്. അവിടത്തെ റോമൻകത്തോലിക്കാ ദേവാലയത്തിലാണ് ഉത്സവം. ദൈവമാതാവിന്റെ പേരിലാണ് പള്ളി. 1943ൽ അവിടെ ഒരു കൂറ്റൻ പ്രതിമ സ്ഥാപിതമായി. ക്രിസ്തുരാജസ്വരൂപം. പള്ളിപോലെയോ അതിലേറെയോ പ്രധാനമായിരിക്കുന്നു രാജസന്നിധി. സാധാരണക്കാർ ആ രൂപത്തിന് ഈശോ എന്നല്ല പറയുന്നത്. അവരുടെ രാജൻ ആണ് അത്. വെട്ടുകാട് രാജൻ.
തിരുവനന്തപുരത്തെ എൻജിനീയറിങ് കോളജിൽ പഠിക്കുമ്പോഴാണ് ഞാൻ വെട്ടുകാടിനെക്കുറിച്ച് അറിയുന്നത്. സ്‌കൂളിൽ ഒപ്പം പഠിച്ച ഒരു സുന്ദരി അന്ന് ശംഖുംമുഖത്ത് ഫിസിക്കൽ എജുക്കേഷൻ കോളജിൽ പഠിക്കുന്നുണ്ടായിരുന്നു. വല്ലപ്പോഴും ആ കുട്ടിയെ കാണാൻ പോകും. ശംഖുംമുഖത്തും പോകും. ഒന്നിച്ചൊന്നുമല്ല. ആദ്യം നാണിച്ചുപുഞ്ചിരിച്ച പെണ്ണാൾ എന്നതിനപ്പുറം അങ്ങനെയൊരു പ്രണയം ഒന്നും ഒട്ട് ഉണ്ടായിരുന്നുമില്ല. ഉണ്ടെങ്കിൽതന്നെ രണ്ടുപേരും ഒത്ത് ബീച്ചിൽ പോവുന്നതൊക്കെ അചിന്ത്യമായിരുന്നു അമ്പതുകളിൽ.
പതിനേഴ് വയസ്സാണെനിക്ക് തിരുവനന്തപുരത്ത് പഠിക്കാൻ വരുമ്പോൾ. നഗരം ശാന്തം, ശുചിത്വപൂർണം, ടാക്‌സിക്കാറുകളേക്കാളേറെ കുതിരവണ്ടികൾ. കോളജ് നഗരത്തിലാണ്. ഇന്നത്തെ പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫിസ്. സൈക്കിൾ വാടകക്ക് കിട്ടുമായിരുന്നു. നഗരത്തിൽ തിരക്കില്ലാത്തതിനാൽ അത് നല്ല യാത്രോപാധിയുമായിരുന്നു.
അങ്ങനെ ഒരു സൈക്കിൾ വാടകക്ക് എടുത്തിട്ടാണ് ഞാൻ ആദ്യം വെട്ടുകാട് പള്ളിയിൽ പോയത്. ക്രിസ്ത്വബ്ദം 1958. വടക്കൻ തിരുവിതാംകൂറുകാരനാണ് ഞാൻ. പെരിയാറിന്റെ തെക്കെ തീരത്തുള്ള കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂർ സ്വദേശി. വീട്ടിൽനിന്ന് ഒരെഴുത്തു വന്നു.

അന്നൊക്കെ അങ്ങനെയാണ്. ഇ-മെയിലില്ല. മൊബൈൽഫോണില്ല, സാദാ ടെലിഫോൺപോലും വിരളം, എഴുത്തുകളായിരുന്നു വാർത്താവിനിമയോപാധി. ഞാൻ കൃത്യമായി തിങ്കളാഴ്ചകളിൽ വീട്ടിലേക്ക് എഴുത്തയക്കും. പഠിക്കുന്നുണ്ട്, പേടിക്കണ്ട, അസുഖം ഒന്നുംഇല്ല, ആകുലപ്പെടേണ്ട. വീട്ടിൽനിന്ന് കൃത്യമായി എഴുത്തുകൾ വരും. പശു പെറ്റു, ആടിനെ വിറ്റു, പഞ്ചാങ്കുണ്ടത്തിലെ പങ്കജാക്ഷിയമ്മ ചത്തു, തെക്കോരത്തെ വർക്കിയുടെ പെണ്ണിന് കല്യാണം ഉറച്ചു, കൊയ്ത്തുകഴിഞ്ഞു… അങ്ങനെ ഒരു കത്തിൽ നാട്ടുകാരനായ ഒരു നാരായണൻകുട്ടിയുടെ കാര്യം ഉണ്ടായിരുന്നു. നാരായണൻകുട്ടിക്ക് ആത്മാവിൽ ഇരുട്ടായിരുന്നു എന്നും. ഒരുനാൾ വെളിച്ചം തേടി യാത്രയായി നാരായണൻകുട്ടി.
നാടായ നാടൊക്കെ അന്വേഷിച്ചു. ആകെ കിട്ടിയ സൂചന ആൾ മഹാരാജാവിനെ മുഖം കാണിക്കാൻ പുറപ്പെട്ടു എന്നതാണ്. കണ്ടവരുണ്ട്. അങ്ങനെ പോയാലൊന്നും തമ്പുരാനെ കാണാനാവുകയില്ല എന്ന് നാട്ടുകാർക്കറിയാം. പൊലീസ് പിടിച്ചുകാണുമോ? പള്ളിപ്പറമ്പിലെ ആലിൻചുവട്ടിൽ പതിവ് സന്ധ്യകളിലൊന്നിൽ തിരുവനന്തപുരത്ത് പഠിച്ചിട്ടുള്ള കിഴക്കേലെ വർഗീസ് സാർ പറഞ്ഞു. ‘അവനെ പൊലീസ് പിടിച്ചാലും വെട്ടുകാട്ട് വിടുകയേ ഉള്ളൂ.
വെട്ടുകാട് ഒരു പള്ളി ഉണ്ട്. അവിടെ കുറച്ചുദിവസം ഭജനയിരുന്നാൽ ഏത് ഭ്രാന്തും മാറും. ‘വെട്ടുകാട്ട് അന്വേഷിക്കാൻ ഗ്രാമസഭയിൽ തീരുമാനമായി. ആരു പോകാൻ? ആരോട് ചോദിക്കാൻ? ആരുടെയോ തലയിൽ ന്യൂട്ടന്റെ ആപ്പിൾ വീണു. ‘ദേ മ്പ്‌ടെ എഡ്മാസ്തറച്ചന്റെ മോൻ ബാബു തിരോന്തരത്തല്ലേ പഠിക്കണേ?’ ഹെഡ്മാസ്റ്ററുടെ മകൻ തിരുവനന്തപുരത്താണ് പഠിക്കുന്നത്. സഭ വീട്ടിലെത്തി. അച്ഛൻ എനിക്കെഴുതി. അങ്ങനെ പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത നാരായണൻകുട്ടിയെ തേടി ഇറങ്ങിയപ്പോഴാണ് ഞാൻ ആദ്യമായി വെട്ടുകാട് പരിസരത്ത് എത്തിയത്. അമ്പത്തിയഞ്ച് സംവത്സരങ്ങൾക്കപ്പുറം.
അവിടെ അന്ന് ഇന്നത്തെയത്ര തിരക്കില്ല ‘രാജ’ന്റെ ചുറ്റുവട്ടത്തായി കുറേപേർ. വന്നവർ, കൊണ്ടുവരപ്പെട്ടവർ, രോഗികൾ, ഭജനക്കാർ. പള്ളിയുടെ പടിഞ്ഞാറ് കടലോരത്ത് കുറേ വെട്ടുകാട്ടുകാർ. അക്കാലത്തെ സമ്പ്രദായത്തിൽ ബെരേ എന്ന തൊപ്പിയും ചുണ്ടിൽ ചുരുട്ടും കൈയിൽ വെള്ളികെട്ടിയ വടിയും ആയി വികാരി. ഒരാജാനുബാഹു. ‘ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ’ എന്ന് മൊഴിഞ്ഞാൽ ആ ചുരുട്ട് ചെറുതായിട്ടൊന്നനങ്ങും’ എന്നുമെന്നും സ്തുതിയായിരിക്കട്ടെ’ എന്നാണ് അതിനർഥം.
നാരായണൻകുട്ടിയെ കണ്ടെത്തി.
യൂറേക്കാ. നാരായണൻകുട്ടി ചോദിച്ചു, നീയും വെളിച്ചം ഉണ്ടോ എന്നറിയാൻ വന്നതാണോ? ഞാനെന്തുപറയാൻ? ‘വീട്ടീപ്പോണ്ടേ നാരായണൻകുട്ടീ?’ ‘ദല്ലെ നാരായണൻകുട്ടീടെ വീട്?’ നാരായണൻകുട്ടി സന്തുഷ്ടനായിരുന്നു. ആത്മാവിലെ ഇരുട്ട് പോയിരിക്കുന്നു. പള്ളിയിൽ പൂജ നടക്കുമ്പോൾ നാരായണൻകുട്ടി ചമ്രം പടിഞ്ഞിരിക്കും. പിന്നെ ഏതോ കാപ്പിപ്പീടികയിൽനിന്ന് തലേന്നത്തെ വട. അത് ഫ്രീ. മിക്കവാറും രാജന്റെ കണ്ണുകളിൽ നോക്കി ഇരിക്കും. ‘അതൊരു സുഖമാണ്. ബാബൂ’: നാരായണൻകുട്ടി എന്നെ പേരെടുത്ത് വിളിച്ചപ്പോൾ അയാളുടെ രോഗം മാറി എന്ന് ഞാൻ ഗ്രഹിച്ചു. വിവരം നാട്ടിൽ അറിയിച്ചു. അയാളുടെ വീട്ടുകാർ വന്ന് കൂട്ടിക്കൊണ്ടുപോയി എന്നറിഞ്ഞുവെങ്കിലും നാരായണൻകുട്ടിയെ ഞാൻ പിന്നെ കണ്ടിട്ടില്ല.
ഉള്ളതുപറയണമല്ലോ, പഠിക്കുന്ന കാലത്ത് വെട്ടുകാട്ട് അങ്ങനെ പോകാനൊന്നും ഉണ്ടായിരുന്നില്ല. 1975ൽ ഞാൻ ടൈറ്റാനിയം കമ്പനിയുടെ മാനേജിങ് ഡയറക്ടറായി. ആ മൂന്നുവർഷം ‘രാജന്റെ’ സംരക്ഷണയിലായിരുന്നു ഞാൻ. ‘രാജൻ, വെട്ടുകാട് പോസ്റ്റ്’ എന്ന് എഴുത്തുകൾ വരുന്ന ഇടം. സന്ധ്യ കഴിഞ്ഞാണ് പോവുക. ഇടുക്കി കലക്ടർ ആയിരുന്ന കാലത്ത് വാങ്ങിയ ഒരു കറുത്ത ഫിയറ്റ് കാർ. കെ.എൽ.ഐ ഒന്ന്. അന്നൊക്കെ അങ്ങനെയാണ്. ഒന്നാംനമ്പർ കലക്ടർക്കാണ്. ഞാൻതന്നെയാണ് ഓട്ടിക്കുക. (അത് രാജമാണിക്യ മലയാളം. വടക്ക് ‘ഓടിക്കുക’ എന്ന് പറയും!)
ആ സന്ധ്യകൾ അവിസ്മരണീയമായിരുന്നു.
അപ്പോഴേക്ക് അമ്പതുകളെ അപേക്ഷിച്ച് തിരക്ക് ഏറിയിരുന്നു. എങ്കിലും ഇന്നത്തെപ്പോലെ വണ്ടികളും ബഹളവും ഒന്നും ഇല്ല. ഇരുളിന്റെ മറവിൽ രാജനെ നോക്കി ഇരിക്കുമ്പോൾ ‘അതൊരു സുഖമാണ്, ബാബൂ’ എന്ന് പറഞ്ഞുതന്ന നാരായണൻകുട്ടിയെ ഓർക്കുമായിരുന്നു ഞാൻ. ചില ദിവസങ്ങളിൽ അവിടെ തിരക്കായിരിക്കും. അപ്പോൾ ഞാൻ പള്ളിയകത്തേക്ക് മാറും. നിലാവുള്ള കാലം ആണെങ്കിൽ സൂര്യാസ്തമയത്തിന് മുമ്പ് ശംഖുംമുഖത്ത് കണ്ട അറബിക്കടലിനെ നോക്കി കുറേനേരം നിൽക്കും. അപ്പോൾ അങ്ങ് പടിഞ്ഞാറേ ചക്രവാളത്തിൽ മാദ്രെ-ദേ-ദേവൂസിനെ കാണും ഞാൻ. ദൈവമാതാവ്. സാഗരതാരമായ സാഗരകന്യക. അമ്മയും മകനും. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പലവട്ടം ഞാൻ അവിടെ പോയി. ഒരിക്കലും ഒറ്റക്കായിരുന്നില്ല. ഇപ്പോൾ പള്ളിയകത്ത് പടിഞ്ഞാറെ വാതിലിന് സമീപത്ത് ഒരു കസേരയിൽ ഇരുന്ന് കൊന്തചൊല്ലുന്നതാണ് എന്റെ സുഖം.
അസുലഭമായ ദിവ്യത്വമാണ് വെട്ടുകാടിന്റെ മുദ്ര. നാഗരികത ആ പഴയ ഗ്രാമീണചാരുതയെ പിന്തള്ളിയിട്ടുണ്ട് എന്നത് ശരിതന്നെ. അത് സ്വാഭാവികമാണു താനും. നാടു മുഴുവൻ മാറുമ്പോൾ കാട്-വെട്ടുകാട്-മാത്രം മാറരുതെന്ന് ശഠിച്ചുകൂടാ. എങ്കിലും നഗരത്തിന്റെ തിരക്കിലും ഗ്രാമത്തിന്റെ ശാന്തി മനസ്സിൽ കുളിർമ പകരുന്നു എന്നതാണ് വെട്ടുകാട് പള്ളിയുടെ സവിശേഷ മഹത്ത്വം.
തിരക്കുള്ളപ്പോൾ പ്രാർഥിക്കുക സുഖകരമല്ല. അതുകൊണ്ട് ഉത്സവവും പെരുന്നാളും ഒക്കെ കൊടിയേറിയാൽ ദേവസ്ഥാനങ്ങൾ ഒഴിവാക്കുകയാണ് എന്റെ രീതി. ഒരുനാൾ ഉത്സവകാലം ഒന്നും അല്ലാതിരുന്നിട്ടും വെട്ടുകാട്ട് തിരക്കായിരുന്നു. വെള്ളിയാഴ്ചയും വെളുത്തവാവും ഒത്തുവന്ന ഏതോ ശുഭദിനം. രാജസന്നിധിയിലും തിരക്ക്, പള്ളിയകത്തും തിരക്ക്. ഞാൻ വടക്കുവശത്ത് എത്തിനോക്കി. ശ്മശാനത്തിൽ തിരക്കില്ല. ഞാൻ ആരുമറിയാതെ ഒരു കസേര പൊക്കി. അത് വടക്കുവശത്ത് ഇട്ടു. മരിച്ചവരും ഞാനും. അവിടെ ഇരുന്ന് ജപമാല ചൊല്ലിയ ആ സായാഹ്നത്തിൽ എനിക്ക് തോന്നി മരിക്കുന്നെങ്കിൽ ഇവിടെ കിടക്കണം. വെട്ടുകാട് പള്ളിയുടെ സെമിത്തേരിയിൽ പോലും ദിവ്യസമാധാനത്തിന്റെ ആവരണം.
ഈശ്വരന് പരിമിതികളില്ല. സർവശക്തൻ സ്ഥലകാലബദ്ധനുമല്ല. എങ്കിലും മനുഷ്യന് പരിമിതികൾ ഉള്ളതിനാൽ അവന്റെ ഈശ്വരബോധം സ്ഥലകാലബദ്ധമാവുന്നത് തെറ്റല്ല. ഏതെങ്കിലും ഒരിടത്ത് ഒതുങ്ങുന്നവനല്ല ദൈവമെങ്കിലും സാധാരണക്കാർക്ക് ഒരിടത്തൊതുങ്ങാതെ ദൈവത്തെ തിരിച്ചറിയാൻ കഴിയുകയില്ല. അമ്പലവും പള്ളിയും മസ്ജിദും ബ്രഹ്‌മസ്ഥാനവും ഒക്കെ ഉണ്ടാകുന്നത് അങ്ങനെയാണ്.