ന്യൂഡല്‍ഹി: വിമാനക്കമ്പിനികള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയവരെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു വ്യക്തമാക്കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഭീഷണി ലഭിച്ചത് നൂറോളം വിമാനങ്ങള്‍ക്കാണ്. അത് ദേശീയവും അന്തര്‍ദേശീയവുമായ വിമാനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കി. പല വിമാനങ്ങളും റദ്ദാക്കുകയും മറ്റ് പലതും വഴി തിരിച്ചു വിടുകയും ചില വിമാനങ്ങള്‍ക്ക് പുറപ്പെടാനും എത്തിച്ചേരാനുമുള്ള കാലതാമസം ഉണ്ടാവുകയും ചെയ്തു. എക്‌സ് വഴിയാണ് കൂടുതല്‍ ഭീഷണികള്‍ എത്തിയത്.
ഭീഷണികളുള്ളതിനാല്‍ വിമാനങ്ങള്‍ പരിശോധിച്ചെങ്കിലും അവയെല്ലാം വ്യാജമാണെന്ന് മനസിലായിരുന്നു. തന്റെ സുഹൃത്തിനോടുള്ള പ്രതികാരത്തിനായി വിമാനങ്ങള്‍ക്ക് ഭീഷണി അയച്ച് കൗമാരക്കാരന്‍ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. എന്നാല്‍ അതിന് ശേഷംവും നിരവധി ഭീഷണികള്‍ എത്തിയിരുന്നു. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും നോ-ഫളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സാധാരണയായി കുറ്റവാളികളെ നോ-ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. മൂന്ന് മാസം, ആറ് മാസം, രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ എന്നിങ്ങനെയാണ് നോ-ഫ്‌ളൈ ലിസ്റ്റിന്റെ കാലാവധി. എന്നാല്‍ നിയമം ഭേദഗിതി ചെയ്താല്‍ അത് ആജീവാന്ത വിലക്കിലേയ്ക്ക് നീങ്ങിയേക്കാമെന്നാണ് സൂചന.