വരുന്നു കളിക്കുന്നു തിരിച്ച് പോകുന്നു: ഇന്ത്യക്ക് നിർദ്ദേശവുമായി പാക്കിസ്ഥാൻ

2025 ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയും 23ന് പാകിസ്താനെതിരെയും മാർച്ച് രണ്ടിന് ന്യൂസിലാൻഡിനെതിരെയുമാണ് ഇന്ത്യയുടെ പ്രാഥമികഘട്ട മത്സരങ്ങൾ.

കറാച്ചി: ഇൻ്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ, പാകിസ്ഥാനിൽ കളിക്കുമോ എന്ന ആശങ്കയായിരുന്നു ക്രിക്കറ്റ് ലോകത്തിന്. ഇത് സംബന്ധിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പോലും രംഗത്തെത്തിയിരുന്നു. ഇന്ത്യൻ പ്ലെയേഴ്സിനെ പാകിസ്താനിലേക്ക് വിടാൻ ചില സുരക്ഷാ കാരണങ്ങളാൽ സാധ്യമല്ലെന്ന് മുന്നേ തന്നെ മന്ത്രി അറിയിച്ചിട്ടുമുണ്ട്.

2025 ഫെബ്രുവരി മുതൽ പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ കളിക്കാൻ ഇന്ത്യക്ക് മുൻപിൽ പുതിയ ഫോർമുലയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് എത്തി. പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയാറാവാത്തതിനെ തുടർന്നാണ് ബി.സി.സി.ഐക്ക് മുമ്പിൽ പുതിയ നിർദേശവുമായി എത്തിയത്. സുരക്ഷ പ്രശ്നങ്ങളാൽ പാകിസ്താനിൽ കഴിയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ടീം ഡൽഹിയിലോ ചണ്ഡിഗഢിലോ മൊഹാലിയിലോ താമസിക്കുകയും മത്സര ദിവസം ചാർട്ടർ ചെയ്ത വിമാനത്തിൽ പാകിസ്താനിലെത്തി കളിച്ച് തിരിച്ചുപോവുകയും ചെയ്യാമെന്നാണ് പി.സി.ബി പറയുന്നത്. ഇതുസംബന്ധിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഔദ്യോഗികമായി ഇന്ത്യക്ക് കത്തയച്ചിട്ടില്ലെന്നും പാകിസ്താൻ ക്രിക്കറ്റ് വൃത്തങ്ങൾ പറയുന്നു.

ടൂർണമെൻ്റ് പാകിസ്താനിൽനിന്ന് മാറ്റണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുതിയ നിർദേശം പങ്കുവെച്ചത്. അതേസമയം, ഇന്ത്യ കളിച്ചാലും ഇല്ലെങ്കിലും ഫൈനൽ ലാഹോറിൽ നടക്കുമെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധികൃതർ അറിയിച്ചു.

പാകിസ്താനിൽ കളിക്കാനുള്ള താൽപ്പര്യകുറവ് ഇന്ത്യ അറിയിച്ചതോടെ ടൂർണമെന്റ് ഹൈബ്രിഡ് രീതിയിൽ നടത്തുന്നതിനെ കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ആലോചിച്ചിരുന്നു. ദുബൈയിലോ ശ്രീലങ്കയിലോ ചില മത്സരങ്ങൾ നടത്താനാണ് ആലോചന.

2008ലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ കളിക്കാനെത്തിയത്. ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് വരണമെന്നും അവരെ പ്രൗഢമായി സ്വീകരിക്കാൻ രാജ്യം ഒരുക്കമാണെന്നുമുള്ള രീതിയിൽ മുൻ താരങ്ങളായ വസീം അക്രം, ഷാഹിദ് അഫ്രീദി, ഷുഐബ് മാലിക് ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments