കൊഹിമ: യു.കെയില്‍ നടക്കുന്ന ‘കൊമ്പുള്ള നാഗ മനുഷ്യ തലയോട്ടി’ യുടെ ലേലം തടയണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥനയുമായി നാഗാലാന്‍ഡ് മുഖ്യമന്ത്രി. നാഗാലാന്‍ഡിലെ ജനതയുടെ വികാരം വ്രണപ്പെടുത്തുന്ന ഈ ലേലം തടയണമെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് അയച്ച കത്തില്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ വ്യക്തമാക്കി. അടുത്ത ദിവസമാണ് ലേലം നടക്കുന്നത്.
മനുഷ്യ അവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നത് ജനങ്ങളുടെ വികാരത്തെ ആഴത്തില്‍ വ്രണപ്പെടുത്തുന്നുവെന്നും ഇത് മനുഷ്യത്വ രഹിതമാണെന്നും നാഗാ ജനതയ്ക്കെതിരായ തുടര്‍ച്ചയായ കോളനിവല്‍ക്കരണമായി കണക്കാക്കപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ ജനങ്ങള്‍ക്ക് വളരെ വൈകാരികവും പവിത്രവുമായ വിഷയമാണ്. ഏറ്റവും ഉയര്‍ന്നത് നല്‍കുന്നത് നമ്മുടെ ജനങ്ങളുടെ പരമ്പരാഗത ആചാരമാണ്. മരിച്ചവരുടെ അവശിഷ്ടങ്ങളോടുള്ള ആദരവും ബഹുമാനവുമെന്നും നെയ്ഫിയു റിയോ പറഞ്ഞു.
മരിച്ച ഏതൊരു വ്യക്തിയുടെയും അവശിഷ്ടങ്ങള്‍ അവരുടെ ജനങ്ങളുടേതും ഭൂമിയുടേതുമാണ്. നാഗാ മനുഷ്യാവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി എസ് ജയശങ്കറിനോട് അഭ്യര്‍ത്ഥിച്ചു. നാഗാക്കളുടെ സംഘടനയായ ഫോറം ഫോര്‍ നാഗാ റീകണ്‍സിലിയേഷന്‍ (എഫ്എന്‍ആര്‍) നിര്‍ദിഷ്ട ലേലത്തെക്കുറിച്ച് തന്നെ അറിയിച്ചതായി റിയോ പറഞ്ഞു. 19-ാം നൂറ്റാണ്ടിലെ കൊമ്പുള്ള നാഗ മനുഷ്യ തലയോട്ടി’ യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു സ്ഥാപനത്തിന്റെ ലേലത്തിന്റെ ഭാഗമാണെന്നും അവര്‍ അറിയിച്ചിരുന്നു.
നാഗാ മനുഷ്യാവശിഷ്ടങ്ങളുടെ മൂല്യം 3,500 മുതല്‍ 4,000 യുകെ പൗണ്ട് വരെ കണക്കാക്കപ്പെടുന്നുവെന്നും എഫ്എന്‍ആര്‍ വ്യക്തമാക്കി. ദി ക്യൂരിയസ് കളക്ടര്‍ സെയില്‍’ എന്ന് പേരിട്ടിരിക്കുന്ന ലേലത്തിന്റെ ഭാഗമാണ് നാഗ പൂര്‍വ്വികരുടെ തലയോട്ടി, പുരാവസ്തു പുസ്തകങ്ങള്‍, കയ്യെഴുത്തുപ്രതികള്‍, പെയിന്റിംഗുകള്‍, ആഭരണങ്ങള്‍, സെറാമിക്സ്, ഫര്‍ണിച്ചറുകള്‍ എന്നിവയ്ക്കൊപ്പം പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും എഫ്എന്‍ആര്‍ റിയോയെ അറിയിച്ചിരുന്നു. മനുഷ്യാവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നത് ഐക്യരാഷ്ട്രസഭയുടെ തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ 15-ന് വിരുദ്ധമാണെന്ന് എഫ്്് എന്‍ ആര് അറിയിച്ചു. ഇക്കാരണത്താല്‍ തന്നെ ലേലം തടയണമെന്നും മനുഷ്യരുടെ വികാരങ്ങളെ മുറിവേല്പ്പിക്കരുതെന്നും നെയ്ഫിയു റിയോ കത്തില്‍ വ്യക്തമാക്കി.