ഛത്തീസ്ഗഡ്: പാമ്പ് കടിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന് വിഷപാമ്പിനെ നാട്ടുകാര്‍ ചുട്ടുകൊന്നു. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് അസാധാരണമായ ഈ സംഭവം നടന്നത്. കോര്‍ബയിലെ ബൈഗാമര്‍ സ്വദേശിയായ ദിഗേശ്വര്‍ രതിയ എന്ന 22 കാരനാണ് പാമ്പ് കടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. ശനിയാഴ്ച്ച രാത്രിയില്‍ വീട്ടിലെ തന്രെ മുറിയില്‍ കിടന്നപ്പോഴാണ് രതിയയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. ഉടന്‍ തന്നെ കോര്‍ബയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രതിയയെ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ രതിയ മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കുന്നതിനായി കുടുംബത്തിന് വിട്ടുകൊടുത്തതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് ഗ്രാമവാസികള്‍ രോക്ഷാകുലരാവുകയും പാമ്പിനെ പിടികൂടി പൊതിഞ്ഞു കൊട്ടയില്‍ സൂക്ഷിച്ചു. പിന്നീട് കയര്‍ ഉപയോഗിച്ച് പാമ്പിനെ കെട്ടിയിട്ടു.രതിയയുടെ ശവസംസ്കാര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോള്‍, ഗ്രാമവാസികള്‍ പാമ്പിനെയും സ്ഥലത്തേക്ക് കൊണ്ടുപോയി. എന്നിട്ട് രതിയുടെ ചിതയില്‍ തന്നെ ജീവനോടെ പാമ്പിനെ ഇടുകയായിരുന്നു. വിഷപ്പാമ്പ് മറ്റാരെയെങ്കിലും ആക്രമിക്കുമെന്ന് ഭയന്നാണ് ചിതയില്‍ കത്തിച്ചതെന്ന് ചില ഗ്രാമീണര്‍ പറഞ്ഞു.
ഇഴജന്തുക്കള്‍ ആവാസവ്യവസ്ഥയ്ക്ക് പ്രധാനമായതിനാല്‍ പാമ്പുകളെയും പാമ്പുകടി നിയന്ത്രണത്തെയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം ഉണ്ടെന്നും പാമ്പിനെ കൊന്നതിന് ഗ്രാമവാസികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് കോര്‍ബയുടെ സബ് ഡിവിഷണല്‍ ഓഫീസര്‍ ആശിഷ് ഖേല്‍വാര്‍ പറഞ്ഞു.