ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. ജയിൽവാലാ മുഖ്യമന്തി ഇപ്പോൾ ബെയിൽവാലാ മുഖ്യമന്ത്രിയായെന്ന് ബിജെപി നേതാവ് ചൂണ്ടിക്കാട്ടി. അരവിന്ദ് കെജ്‌രിവാളിന് ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.ആരോപണങ്ങൾ നേരിടുകയാണെങ്കിൽ രാഷ്‌ട്രീയക്കാർ രാജിവെക്കണമെന്ന കെജ്‌രിവാളിൻ്റെ മുൻകാല പ്രസ്താവനകളെ ഗൗരവ് ഭാട്ടിയ ചൂട്ടിക്കാട്ടി.
“മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെക്കണമെന്നാണ് ഡൽഹിയിലെ ജനങ്ങളുടെ ആവശ്യം. എന്നാൽ ഒരു തുള്ളിപോലും ധാർമികത ഇല്ലാത്തതിനാൽ അദ്ദേഹം രാജി വെക്കില്ല. ഒരു ആരോപണമുണ്ടെങ്കിൽ പോലും രാഷ്‌ട്രീയക്കാർ രാജിവെക്കണമെന്ന് അദ്ദേഹം തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. 6 മാസം ജയിലിലായിരുന്നു. എന്നാൽ കെജ്‌രിവാൾ അങ്ങനെ ചെയ്യില്ല.” ഗൗരവ് പറഞ്ഞു. കെജ്‌രിവാളിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. ജാമ്യമാണ് ലഭിച്ചത്. വിചാരണ നേരിടണം എന്നിട്ടും എന്തിനാണ് ഇത് ആം ആദ്മി ആഘോഷമാക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും ബിജെപിയുടെ ദേശീയ വക്താവ് പറഞ്ഞു.