കൊച്ചി : എം എൽ എ പി.വി അൻവറിനെതിരെ പരാതി നൽകി ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്. ഡി ജി പിക്കാണ് ഷോൺ ജോർജ് പരാതി നൽകിയിരിക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവച്ചതിന് പിവി അൻവറിനെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മാദ്ധ്യമങ്ങളിലൂടെ പിവി അൻവർ നടത്തിയത് ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, എസ്പി സുജിത് ദാസ് എന്നിവർക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗുരുതരമാണ്. എ ഡി ജി പിക്ക് കൊല്ലാനും കൊല്ലിക്കാനും അറിയാമെന്നടക്കം പിവി അൻവർ ഉന്നയിച്ചിരുന്നു. കൂടാതെ എ ഡി ജി പി എംആർ അജിത്കുമാറിനെതിരെ പല തെളിവുകളും തന്റെ പക്കലുണ്ടെന്നും അൻവർ അവകാശപ്പെട്ടിട്ടുണ്ടെന്നും ഷോൺ ജോർജ് പറയുന്നു.
എടവണ്ണയിലെ യുവാവിന്റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും എ ഡി ജി പിക്കെതിരെ തെളിവുകളുണ്ടെന്നും പി വി അൻവർ പറഞ്ഞിരുന്നു. കൂടാതെ ഡാൻസാഫിനെ ഉപയോഗിച്ച് സ്വർണം കൈക്കലാക്കി എന്നടക്കമുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കുറ്റകൃത്യങ്ങൾ മറച്ചുവച്ച അൻവറിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഷോൺ ജോർജ് ഡിജിപിയെ സമീപിച്ചിരിക്കുന്നത്.