മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസ നിധിക്കെതിരായ പോസ്റ്റ്; അഖിൽ മാരാ‍‍ർക്കെതിരെ പൊലീസ് കേസ്

കൊച്ചി: ബിഗ് ബോസ് വിജയിയും സിനിമ സംവിധായകനുമായ അഖിൽ മാരാ‍ർക്കെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇൻഫോ‍പാ‍ർക്ക് പൊലീസിന്റെ നടപടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്.

നിലവിലെ പ്രധാന ചർച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണോ വേണ്ടയോ എന്നതാണ്.. 100%ദുരിതാശ്വാസ നിധിയിലേക്ക് ചെല്ലുന്ന പണത്തിനു സുതാര്യത ഉണ്ട്… എന്നാൽ അത് ചിലവഴിക്കുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രി യുടെ വിവേചന അധികാരം ഉണ്ട് എന്നതും… കാലങ്ങളായി തന്റെ പാർട്ടിക്കാരെ മാത്രം മനുഷ്യനായി കാണുന്ന പിണറായി അവരുടെ ദൈവമായും ക്യാപ്റ്റൻ ആയും മാത്രം മാറും…സഹായം വീണ്ടും അധികാരത്തിൽ എത്താനുള്ള മാർഗമായി മുൻ കാലങ്ങളിലെ പോലെ ഇവർ എടുക്കും… – എന്നായിരുന്നു അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിച്ചത്.

വീണ്ടും ഒരു കേസ് എന്നും മഹാരാജാവ് നീളാല്‍ വാഴട്ടേയെന്നുമാണ് കേസ് രജിസ്റ്റർ ചെയ്ത സംഭവത്തോട് അഖില്‍ മാരാർ പ്രതികരിച്ചിരിക്കുന്നത്.

അഖിൽ മാരാരെ കൂടാതെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചരണം നടത്തിയ സംഘപരിവാർ പ്രവർത്തകനും ബി.ജെ.പി മീഡിയ വിഭാഗം മുൻ കോ- കൺവീനറുമായ ശ്രീജിത്ത് പന്തളത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി പണം നൽകരുതെന്ന് സോഷ്യൽ മീഡിയ വഴി ശ്രീജിത്ത് പന്തളം പ്രചരിപ്പിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലൂടെ വലിയ അഴിമതി നടക്കുന്നുവെന്നായിരുന്നു ശ്രീജിത്ത് പന്തളം പ്രചരിപ്പിച്ചത്.

‘ദുരിത ബാധിതരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ട് സഹായം കൈമാറുകയോ സേവാഭാരതി ഉൾപ്പടെയുള്ള സംഘടനകളെ പണം ഏൽപ്പിക്കുകയോ ചെയ്യണം. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുത് വ്യാപക അഴിമതിയാണിവിടെ നടക്കുന്നത്,’ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.

അതോടൊപ്പം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനക്കെതിരെ പ്രചരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആറുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ 194 പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം സിറ്റിയിൽ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ട് വീതവും കൊല്ലം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ഒന്ന് വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ, കളമശേരി വിടാക്കുഴ എന്നിവർ കോട്ടയത്തും കാണിച്ചാട്ട് വീട്ടിൽ കെ എച്ച്ഷിജു  കളമശേരിയിലുമാണ് അറസ്റ്റിലായത്. 

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
A hameed
A hameed
5 months ago

ഇത്രയും സുതാര്യമായതും CAG audit ന് വിധേയവുമായ ഒരു സർക്കാർ സംവിധാനങ്ങിനെതിരെ തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിൽ അഭിപ്രായം പറയുന്നത് ഈയവസരത്തിൽ പൊറുക്കാനാകാത്ത കുറ്റം തന്നെ.. നടപടി സ്വാഗതാർഹം!