ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആശാരിയെ വേണം. ഗവർണർക്ക് കാർപെൻ്ററെ തേടി മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ പൊളിറ്റിക്കൽ വകുപ്പ് ഈ മാസം 18 ന് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ്. 57,900 രൂപയാണ് പരമാവധി ശമ്പളം.

രാജ്ഭവനിൽ കാർപെൻ്റർ ജോലിക്ക് താൽപര്യമുള്ളവർ ജൂലൈ 2 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. 25,100- 57,900 ശമ്പള സ്കെയിൽ വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കണം.

ഈ സെപ്റ്റംബറിൽ ആരിഫ് മുഹമ്മദ് ഖാൻ്റെ ഗവർണർ കാലാവധി കഴിയും. ഒരു ടേം കൂടെ ആരിഫ് മുഹമ്മദ് ഖാൻ ലഭിക്കാനും സാധ്യതയുണ്ട്. സംസ്ഥാനസര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാനാണ് ബിജെപി കേന്ദ്രത്തിന്റെ ആലോചന. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികള്‍ക്കും തടയിടാനും തുറന്നുകാട്ടാനും അദ്ദേഹത്തിന്റെ നിലപാടുകള്‍ സഹായിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചും സര്‍ക്കാരിനെ ഔദ്യോഗികകാര്യങ്ങളില്‍പോലും മുള്‍മുനയില്‍ നിര്‍ത്തിയും ഗവര്‍ണര്‍ സമ്മര്‍ദത്തിലാക്കിയപ്പോള്‍ പ്രതിപക്ഷസ്വരമായി അത് വ്യാഖ്യാനിക്കപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവച്ചും രാഷ്ട്രപതിക്കയച്ചുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനെ വീര്‍പ്പുമുട്ടിച്ചു. കോടതികളില്‍നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടിയേറ്റ വിഷയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തില്‍ ബിജെപിയുടെ രാഷ്ട്രീയത്തിന് ഗുണപരമായി എന്നാണ് വിലയിരുത്തല്‍.