അനുവദിച്ചത് 2024 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ക്ഷേമ പെൻഷൻ എന്ന് ബാലഗോപാലിൻ്റെ നിയമസഭ മറുപടി

ക്ഷേമ പെൻഷൻ കുടിശിക ലഭിക്കില്ല. ആറ് മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ് ആവിയായത്. സാമൂഹ്യ സുരക്ഷ പെൻഷൻ കുടിശിക സംബന്ധിച്ച യു.ഡി.എഫ് എം.എൽ.എമാരുടെ ചോദ്യത്തിനാണ് 2024 മാർച്ച്, ഏപ്രിൽ, മെയ് മാസത്തെ പെൻഷൻ അനുവദിച്ചെന്ന് ബാലഗോപാൽ വ്യക്തമാക്കിയത്.

എന്നാല്‍, വാസ്തവത്തില്‍ അനുവദിച്ചത് 2023 ഒക്ടോബർ, നവംബർ, ഡിസംബർ വരെയുള്ള കുടിശികയാണ്. അത് മറച്ച് വച്ചാണ് ബാലഗോപാലിൻ്റെ നിയമസഭ മറുപടി. 2024 ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും കുടിശികയാണ്.

ആറ് മാസത്തെ കുടിശികയാണ് ധനവകുപ്പ് വെട്ടിയത്. 900 കോടി രൂപയാണ് ഒരു മാസം പെൻഷൻ കൊടുക്കാൻ വേണ്ടത്. 6 മാസത്തെ ക്ഷേമ പെൻഷൻ വെട്ടിമാറ്റിയതിലൂടെ പാവങ്ങൾക്ക് ലഭിക്കേണ്ട 5400 കോടി രൂപയാണ് സർക്കാർ അപഹരിച്ചത്.

മുൻകാലങ്ങളിൽ ക്ഷേമ പെൻഷൻ അനുവദിക്കുമ്പോൾ ഏത് മാസത്തെയാണ് എന്ന് വ്യക്തമാക്കുമായിരുന്നു. കുടിശിക മാസങ്ങൾ ആയതോടെ ക്ഷേമ പെൻഷൻ അനുവദിക്കുന്ന ഉത്തരവിൽ മാസം വ്യക്തമാക്കിയിരുന്നില്ല. ക്ഷേമ പെൻഷൻ അപഹരിക്കാനുള്ള നീക്കം ബാലഗോപാലിൻ്റെ പ്ലാൻ ബി ആണോ എന്ന ചോദ്യമാണ് ഉയരുന്നത്.