പാലക്കാട് കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എ.വി. മുകേഷ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. രാവിലെ എട്ടുമണിക്കായിരുന്നു സംഭവം. ഈ പ്രദേശത്ത് സ്ഥിരമായി കാട്ടാനയിറങ്ങുന്ന പ്രദേശമാണിത്. കഴിഞ്ഞദിവസവും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്നും കാട്ടാനയിറങ്ങുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകർത്താൻ ക്യാമറമാൻ എ.വി. മുകേഷും റിപ്പോർട്ടറും ഡ്രൈവറും സ്ഥലത്തേക്ക് പുറപ്പെടുകയുമായിരുന്നു.

ഇവർ അവിടെ നില്‍ക്കുന്നതിനിടെ രണ്ട് കാട്ടാനകളാണ് എത്തിയത്. ഇതില്‍ ഒരു കാട്ടാന മൂവർക്കും നേരെ ഓടിയടുക്കുകയായിരുന്നു. മൂന്നുപേരും ചിതറിയോടി. ഇതില്‍ മറ്റുരണ്ടുപേരും രക്ഷപെട്ടു. ഓടുന്നതിനിടയില്‍ മുകേഷ് നിലത്തുവീണു. ഇദ്ദേഹത്തിന്റെ ഇടുപ്പിനാണ് പരിക്കേറ്റത്. ഉടനെ ജില്ലാ ആശുപത്രിയില്ലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. മാതൃഭൂമി ഡോട്ട്‌കോമില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന ‘അതിജീവനം’ എന്ന കോളം എഴുതിയിരുന്നു.

കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.