തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം വിഴുങ്ങി ഇടത് സര്‍ക്കാര്‍. പുനഃപരിശോധന റിപ്പോര്‍ട്ടിന്മേലും അടയിരുപ്പ് തുടരുന്നു. രാജ്യത്താകമാനം അലയടിക്കുന്ന പങ്കാളിത്ത പെന്‍ഷന് എതിരായുള്ള വികാരം ദേശീയ തലത്തിലും തെരഞ്ഞെടുപ്പ് വിഷയമാണ്.

കോണ്‍ഗ്രസ് ഭരണ സമയത്ത് രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ചത്തിസ്ഗഡ് സംസ്ഥാനങ്ങള്‍ എല്ലാം തന്നെ പദ്ധതി പിന്‍വലിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറിയിരുന്നു. കേരളത്തിലെ ഇടത് സര്‍ക്കാര്‍ 2016 ലും 2021 ലും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നത് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉറപ്പ് നില്‍കിയാണ് അധികാരത്തില്‍ എത്തിയത്. എന്നാല്‍ ബിജെപി സര്‍ക്കാരുകള്‍ക്ക് സമാനമായി പദ്ധതി പിന്‍വലിക്കുന്നതിന് പകരം ശക്തിപ്പെടുത്താനുള്ള നടപടികള്‍ ആണ് സ്വീകരിച്ചത് എന്ന് ഫയല്‍ രേഖകള്‍ വ്യക്തമാക്കുന്നു.

പദ്ധതിയെ പിഎഫ്ആര്‍ഡിഎയുമായി ചേര്‍ത്ത് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത് 2020 ല്‍ ആണ്. പദ്ധതി പിന്‍വലിക്കും എന്ന് പ്രഖ്യാപിച്ച അതേ സമയത്ത് തന്നെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു.

പദ്ധതി പിന്‍വലിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനു ആണെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാരിന് എതിരെയാണ് സമരം ചെയ്യേണ്ടത് എന്നുമായിരുന്നു ഇടത് സര്‍വീസ് സംഘടനകള്‍ ജീവനക്കാരെ വിശ്വസിപ്പിച്ചിരുന്നത്. അതിന്റെ ഭാഗമായി ഡല്‍ഹി മാര്‍ച്ച് ഉള്‍പ്പെടെ നടത്തുകയും ചെയ്തു. എന്നാല്‍ പദ്ധതി പിന്‍വലിക്കുന്നതില്‍ നിയമപരമായി ഒരു തടസവും ഇല്ല എന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വന്തം നിലയില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം എന്നുമായിരുന്നു ഇത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച പുനഃപരിശോധന സമിതിയുടെ കണ്ടെത്തല്‍. അതോടെ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ഒടുവില്‍ ഇടത് അനുകൂല ജോയിന്റ് കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കേന്ദ്ര സര്‍ക്കാരിലും മറ്റുള്ള സംസ്ഥാന സര്‍ക്കാരുകളിലും നല്‍കുന്ന ആനുകൂല്യങ്ങള്‍ പോലും കേരളത്തിലെ പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ വലിയ പരാതി.

പദ്ധതി പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എങ്കില്‍ കേന്ദ്ര സര്‍ക്കാരും മറ്റ് സംസ്ഥാന സര്‍ക്കാരുകളും അനുവദിച്ചിട്ടുള്ള ഉയര്‍ന്ന നിരക്കിലുള്ള സര്‍ക്കാര്‍ വിഹിതം, മരണാനന്തര വിരമിക്കല്‍ ഗ്രാറ്റുവിറ്റി, കുടുംബ പെന്‍ഷന്‍ എന്നീ ആനുകൂല്യങ്ങള്‍ കേരളത്തിലെ പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ക്ക് അനുവദിക്കണം എന്നും കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ പദ്ധതി വരുന്നതിന് മുന്‍പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം നിയമനം ലഭിച്ചുവരെ പഴയ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്നും പുനഃപരിശോധന സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കിലും ഒരു ശുപാര്‍ശ പോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പദ്ധതിയില്‍ അംഗമായി സര്‍വീസില്‍ ഇരുന്ന് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ജീവനക്കാരന്റെ അവസാന ശമ്പളം സമാശ്വാസമായി അനുവദിക്കാന്‍ 2012 ല്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നെങ്കിലും അത് 30% ആക്കി കുറച്ച് കൊണ്ടാണ് 2016 ല്‍ സര്‍ക്കാര്‍ ഉത്തരവായത്.

നിലവില്‍ പഴയ പെന്‍ഷനില്‍ ഉള്‍പ്പെട്ടു വിരമിക്കുന്നവര്‍ക്ക് 12500 രൂപ ഏറ്റവും കുറഞ്ഞത് പെന്‍ഷന്‍ ആയി ലഭിക്കുമ്പോള്‍ പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ടു വിരമിച്ചവര്‍ക്ക് 300 രൂപ ആണ് പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ജീവനക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും സംഘടനാ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പഴയ പെന്‍ഷനില്‍ ഉള്‍പ്പെട്ടവര്‍ ആയതിനാല്‍ വിഷയത്തെ കാര്യമായി പരിഗണിക്കുന്നില്ല എന്നാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ പരാതി.

1600 രൂപ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനത്താണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടു വിരമിച്ച വികലാംഗരായ ജീവനക്കാര്‍ 300 രൂപ പെന്‍ഷന്‍ വാങ്ങുന്നത് എന്നതാണ് ദുഖകരമായ അവസ്ഥ എന്നാണ് വിരമിച്ചവരുടെ പരാതി. ജീവനക്കാര്‍ക്ക് അനുകൂലമായി ലഭിച്ച റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും പരിഗണിക്കാതെ 2021 ജൂലൈ മുതല്‍ ഫയല്‍ ധനമന്ത്രിയുടെ കയ്യില്‍ ആണുള്ളത്. പദ്ധതി പിന്‍വലിക്കും എന്ന വാഗ്ദാനം മറന്ന ഇടത് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ കൂട്ടായ്മ.