തിരുവനന്തപുരം: പത്തനംതിട്ട വെച്ചൂച്ചിറയില്‍ കാണാതായ ജെസ്‌ന എന്ന പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ തുടരന്വേഷണം ആകാമെന്ന് സിബിഐ. ജെസ്‌ന ജീവിപ്പിച്ചിരുപ്പുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാതെയായിരുന്നു സിബിഐ ഈ കേസന്വേഷണം അവസാനിപ്പിച്ചിരുന്നത്. ഇതിനെ എതിര്‍ത്ത് കോടതിയെ സമീപിച്ച ജെസ്‌നയുടെ അച്ഛൻ ജെയിംസിന്റെ ആവശ്യങ്ങളോടാണ് സിബിഐയുടെ ഇപ്പോഴത്തെ പ്രതികരണം. പിതാവിന്റെ ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ സിബിഐക്ക് കൈമാറിയാല്‍ തുടരന്വേഷണം ആകാമെന്നാണ് ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

സിബിഐ അന്വേഷണം അവസാനിച്ചതിന് പിന്നാലെ നിരവധി ആരോപണങ്ങളുമായി ജെസ്‌നയുടെ പിതാവ് രംഗത്തെത്തിയിരുന്നു. പോണ്‍കുട്ടിക്ക് രഹസ്യമായി ഒരാളുമായി ബന്ധമുണ്ടായിരുന്നെന്നും ഇവര്‍ പ്രാര്‍ത്ഥനകള്‍ നടത്താറുണ്ടായിരുന്നെന്നും ജെസ്‌നയുടെ അച്ഛന്‍ പറഞ്ഞിരുന്നു. കാണാതായതിന് പിന്നാലെ മുറിയില്‍ നിന്ന് രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയെന്നും ഇത് ആര്‍ത്തവ രക്തമാണോ അതോ ഗര്‍ഭിണിയായിരുന്നോ ജെസ്‌ന എന്നൊക്കെയുള്ള സംശയങ്ങളാണ് വീട്ടുകാര്‍ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ അന്വേഷിച്ചിരുന്നെന്നും തെളിവുകള്‍ കിട്ടിയില്ലെന്നുമായിരുന്നു സിബിഐ കോടതിയെ അറിയിച്ചത്. ഇതോടെ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ജെസ്‌നയുടെ അച്ഛനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ട് ഹാജരായത്. കേസ് അടുത്തമാസം മൂന്നിലേക്ക് മാറ്റി.

ചില പ്രധാന കാര്യങ്ങളില്‍ സി.ബി.ഐ അന്വേഷണം നടത്തിയിട്ടില്ലെന്നും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയില്ലെന്നുമായിരുന്നു ജെയിംസിന്റെ വാദം. ഈ വാദങ്ങള്‍ സി.ബി.ഐ തള്ളുകയായിരുന്നു. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിന്റെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതി ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ സമര്‍പ്പിക്കാമെന്നാണ് അച്ഛന്റെ നിലപാട്. ജെസ്‌ന ജീവിച്ചിരിപ്പില്ല എന്നും അച്ഛന്‍ ഇതിന് മുന്‍പ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.