മലയാളികള്‍ക്കാകെ അഭിമാനവും പ്രചോദവുമായി പാർവതി ഗോപാകുമാറിന്റെ സിവില്‍ സർവീസ് വിജയം. 282ാം റാങ്ക് നേടിയ പാര്‍വതി ജീവിതത്തില്‍ പടവെട്ടിയതൊക്കെയും വിധിയോടായിരുന്നു. 12ാം വയസ്സിലാണ് പാര്‍വതിയുടെ ജീവിതത്തിന്റെ വഴിതിരിച്ച് വാഹനാപകടം നടന്നത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ പാര്‍വ്വതിയുടെ വലതു കൈ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റി.
ഈ സ്ഥാനത്ത് കൃത്രിമ കൈയാണ് ഇപ്പോഴുള്ളത്. ഇടംകൈ ഉപയോഗിച്ചായിരുന്നു പാര്‍വതിയുടെ തുടര്‍ന്നുള്ള പഠനം. സിവില്‍ സർവീസ് പരീക്ഷാദിവസത്തിലും വിധി പാർവതിക്ക് മുന്നില്‍ ഒരു വെല്ലുവിളി ഉയർത്താൻ ശ്രമിച്ചു. പക്ഷേ, അതിനെയും അതിജീവിച്ചാണ് പാർവതി മുന്നും വിജയം നേടിയത്. ആശുപത്രി കിടക്കയിൽ നിന്ന് നേരെ പോയത് പരീക്ഷാ ഹാളിലേക്ക് പോയത് പോരാട്ടത്തിന്റെ മനോധൈര്യം ഒന്നുകൊണ്ടുമാത്രമാണ്.
അമ്പലപ്പുഴ ക്ഷേത്രത്തിന് പടിഞ്ഞാറ് അമ്പാടിയിൽ ഗോപകുമാർ ശ്രീലതാ.എസ്.നായർ ദമ്പതികളുടെ മകൾ പാർവതി ഗോപകുമാറിനാണ് സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്ക് ലഭിച്ചത്. വൈറൽ പനി ബാധിച്ച് തിരുവനന്തപുരത്ത് ആശുപത്രിയിൽ 3 ദിവസം ഐ.സി.യുവിലടക്കം 10 ദിവസം ചികിത്സയിലായിരുന്നു പാർവതി.
മാസങ്ങൾ നീണ്ട പoനം പാഴാകുമെന്ന ആശങ്കയായിരുന്നു. ഒടുവിൽ പനി ഭേദമായതോടെ ആശുപത്രിയിൽ നിന്ന് നേരെ പരീക്ഷാ ഹാളിലേക്ക്.ചൊവ്വാഴ്ച ഫലം പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന നേട്ടം കൈവരിച്ചതിൻ്റെ ആഹ്ളാദത്തിലാണ് ഈ കുടുംബം.2010 ൽ പിതാവുമായി ബൈക്കിൽ പോകുമ്പോൾ അപകടമുണ്ടായതിനെത്തുടർന്ന് വലതു കൈയുടെ മുട്ടിന് താഴെ മുറിച്ചു മുറിച്ചു മാറ്റേണ്ടി വന്നു.ഇപ്പോൾ കൃത്രിമക്കൈയാണ് പിടിപ്പിച്ചിരിക്കുന്നത്.
ഇടത് കൈ കൊണ്ടാണ് ഇപ്പോൾ എഴുതുന്നത്.1 മുതൽ 5 വരെ കാക്കാഴം സ്കൂളിലും 6 മുതൽ 10 വരെ ചെന്നിത്തല നവോദയാ സ്കൂളിലുമായിരുന്നു പഠനം. പ്ലസ് ടു വിദ്യാഭ്യാസം അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലുമായിരുന്നു.എൽ.എൽ.ബി പൂർത്തിയാക്കി എൻറോൾ കഴിഞ്ഞ പാർവതി ഇംഗ്ലീഷിൽ നിരവധി ലേഖനങ്ങളുമെഴുതിയിട്ടുണ്ട്.വീട്ടിൽ 2000 ഓളം പുസ്തക ശേഖരമുള്ള പാർവതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറാണ്. പിതാവ് ഗോപകുമാർ ആലപ്പുഴ കളക്ട്രേറ്റിലെ ഡപ്യൂട്ടി തഹസിൽദാറും മാതാവ് ശ്രീകല കാക്കാഴം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയുമാണ്. സഹോദരി രേവതി
ദിശമാറ്റിയ കൃഷ്ണതേജ
റവന്യൂ വകുപ്പിൽ ഡപ്യൂട്ടി തഹസിൽദാറായ ഗോപകുമാറിന്റെ മകളാണ് പാര്‍വതി. ഗോപകുമാറിന്റെ മേലുദ്യോഗസ്ഥനായിരുന്ന ഐഎഎസ് ഓഫീസര്‍ കൃഷ്ണതേജയാണ് പാര്‍വതിയുടെ ജീവിതത്തിന്റെ ദിശമാറ്റിയത്. പാര്‍വതിയെ സിവിൽ സര്‍വീസ് എഴുതാൻ പ്രചോദനമായത് കൃഷ്ണതേജയുടെ ഉപദേശവും പിന്തുണയുമായിരുന്നു.
ഇടംകൈ ഉപയോഗിച്ചാണ് പാര്‍വതി എഴുതുന്നതെങ്കിലും പഠനവും പരിശീലനവും ഒട്ടും എളുപ്പമായിരുന്നില്ല. മറ്റുള്ളവരെ പോലെ വേഗത്തിൽ എഴുതാൻ പാര്‍വതിക്ക് സാധിച്ചില്ല എന്നത് തന്നെയാണ് കാരണം. മറ്റുള്ളവര്‍ സിവിൽ സര്‍വീസ് മെയിൻസ് പരീക്ഷ മൂന്ന് മണിക്കൂര്‍ വീതം എഴുതിയപ്പോൾ, പാര്‍വതി ഓരോ പരീക്ഷയും നാല് മണിക്കൂര്‍ വീതമായി 16 മണിക്കൂര്‍ കൊണ്ടാണ് എഴുതി തീര്‍ത്തത്.
വേഗക്കുറവ് ഉണ്ടായിരുന്നതിനാൽ തന്നെ, സിവിൽ സര്‍വീസ് പരീക്ഷ വലിയ കടമ്പയായിരുന്നുവെന്ന് പാര്‍വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ ഐഎഎസ് ലഭിക്കുമെന്ന പ്രതീക്ഷയാണ് കൃഷ്ണ തേജയടക്കം പങ്കുവച്ചത്. കുടുംബവും നാട്ടുകാരുമെല്ലാം വലിയ പ്രതീക്ഷയിലാണ്. ഐഎഎസ് തന്നെയായിരുന്നു ലക്ഷ്യമെന്നും അത് ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും പാര്‍വതി പറഞ്ഞു. ജീവിതത്തിൽ സംഭവിക്കുന്ന വലിയ തിരിച്ചടികളിൽ പതറാതെ, മനക്കരുത്തും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയിലെ അഭിമാനകരമായ മുന്നേറ്റം നടത്തിയ പാര്‍വതിയുടെ നേട്ടത്തിന് ഇരട്ടിമധുരമാണ്.