തിരുവനന്തപുരം : 18 വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്ത് കിടക്കുന്ന അബ്ദുൽ റഹീമിനെ രക്ഷിക്കാനായി 34 കോടി ബ്ലഡ് മണി കണ്ടെത്താൻ മലയാളികൾ ഒന്നടങ്കം കൈകോർത്ത വാർത്തയാണിപ്പോഴത്തെ ചർച്ചാ വിഷയം. അക്കൂട്ടത്തിൽ ഏറ്റവും വലിയ ജനശ്രദ്ധ നേടിയിരിക്കുന്നത് ബോബി ചെമ്മണ്ണൂരിന്റെ അമ്മയാണ്. റഹീമിനെ സഹായിക്കാൻ അമ്മ കാണിച്ച മനസ്സിനെ കുറിച്ച് ബോബി ചെമ്മണ്ണൂർ ഫേസ്ബുക്കിൽ കുറിച്ചതാണ് ഇതിന് കാരണംയ

‘എന്റെ അമ്മ ആദ്യമായിട്ടാണ് ക്രിസ്ത്യാനിയല്ലാത്ത ഒരാൾക്ക് ഒരു ലക്ഷം രൂപ സംഭാവന കൊടുക്കുന്നത്. കാലം പലതും മാറ്റിമറിക്കും. സ്‌നേഹം കൊണ്ട് ലോകം കീഴടക്കുകയെന്നതാണ് എന്റെ മുദ്രാവാക്യം. ജാതി – മതങ്ങൾക്കൊക്കെ അതീതമായി ചിന്തിക്കുകയെന്നത് വലിയൊരു കാര്യമാണ്. യാത്രയുടെ ഇടയിൽ അമ്മ വിളിച്ചപ്പോൾ ഞാൻ വിചാരിച്ചത് ചീത്ത പറയാനായിരിക്കും എന്നായിരുന്നു.

വെയിലത്ത് ഇങ്ങനെ തെണ്ടി നടന്ന്, തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തുമ്പോഴേക്ക് നീ ചാവും, നിന്നെ രക്ഷിക്കാൻ വേറെ യാത്ര വയ്‌ക്കേണ്ടിവരുമെന്നായിരുന്നു നേരത്തെ പറഞ്ഞത്. ആദ്യം പോകരുതെന്നാണ് പറഞ്ഞതെങ്കിലും ഇപ്പോൾ നേരെ മാറി നീ നന്നായി ചെയ്‌തെന്ന് പറഞ്ഞു. എന്തായാലും ഇത് ഭയങ്കര ഒരനുഭവമാണ്. അമ്മ തരുന്നതുകൊണ്ടാണ് കാശ് ആയിട്ട് വാങ്ങുന്നത്.’- എന്നാണ് ബോബി ചെമ്മണ്ണൂർ വീഡിയോയിൽ പറയുന്നത്.

അതേ സമയം കഴിഞ്ഞ ദിവസമാണ് 34.45 കോടി ( 34,45,​46,​568) രൂപ റഹീമിന് വേണ്ടി പിരിച്ചെടുക്കുന്നത്. ഇതിനായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ യാചക യാത്രയും സംഘടിപ്പിച്ചിരുന്നു. കുട്ടികളടക്കം പതിനായിരക്കണക്കിനാളുകളാണ് തങ്ങളാൽ കഴിയും വിധം പണം നൽകി. ബോബി ചെമ്മണ്ണൂർ നേരത്തെ ഒരു കോടി നൽകിയതു കൂടാതെ അദ്ദേഹത്തിന്റെ അമ്മയും പണം നൽകി.ഒരു ലക്ഷം രൂപയാണ് റഹീമിനായി കൊടുത്തത്. ഇതിന്റെ വീഡിയോ ബോബി ചെമ്മണ്ണൂർ തന്നെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

2006ൽ 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി മരിച്ച കേസിലാണ് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. അന്ന് റഹീമിന് 24 വയസായിരുന്നു. ‌‌തലയ്ക്ക് താഴെ ചലനശേഷിയില്ലാത്ത അനസിനെ പരിചരിച്ചിരുന്നത് റഹീമായിരുന്നു. റഹീമിന്റെ സ്‌പോൺസറായ ഫായിസ് അബ്ദുല്ലയുടെ മകനാണ് അനസ്.

2006 ഡിസംബറിൽ,​ ഡ്രൈവർ വിസയിൽ സൗദിയിലെത്തിയതിന്റെ 28-ാം ദിവസം അനസുമായി ഹൈപ്പർ മാർക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു ജീവിതം കുരുക്കിയ സംഭവം. ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിക്കാനുള്ള അനസിന്റെ ആവശ്യം റഹീം നിരാകരിച്ചു. അനസ് റഹീമിന്റെ മുഖത്തേയ്ക്ക് തുപ്പി. ഇത് തടയുമ്പോൾ അനസിന്റെ കഴുത്തിലെ ജീവൻരക്ഷാ ഉപകരണത്തിൽ റഹീമിന്റെ കൈ തട്ടി അനസ് മരിച്ചത്.