തെരഞ്ഞെടുപ്പ് കാലത്തെ ഭരണസിരാകേന്ദ്രത്തിലെ കൂട്ടയടിയില്‍ നാണംകെട്ട് ഭരിക്കുന്ന പാർട്ടി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഭരണ വിലാസം സംഘടനയിൽ കൂട്ടത്തല്ല്. സെക്രട്ടേറിയേറ്റിലെ സി.പി.എം സർവീസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനിലെ നേതാക്കൻമാർ തമ്മിലാണ് കൂട്ടുത്തല്ല് നടന്നത്.

പ്രസിഡണ്ടിൻ്റെ വിഭാഗവും ജനറൽ സെക്രട്ടറി വിഭാഗവും തമ്മിലാണ് പോരടിച്ചത്. ഏതാനും മാസങ്ങളായി ഇരുവിഭാഗവും രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലായിരുന്നു.

വർഷങ്ങളായി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്ന ഹണി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനോട് ഹണി അനുകൂലികൾ യോജിച്ചില്ല. ഇതിനെ തുടർന്നാണ് അടി ഉണ്ടായത്.

ജനറൽ സെക്രട്ടറിയുടെ പക്ഷക്കാരനായ സെക്രട്ടറിയുടെ കരണം നോക്കി ഹണി അനുകൂലി അടി കൊടുത്തു എന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ സംഘടന ഹാളിൽ വച്ചായിരുന്നു അടി തുടങ്ങിയത്. ഇരുപക്ഷവും നടന്ന ചർച്ച അടിയിലേക്ക് കലാശിക്കുക ആയിരുന്നു.സംഘടന ഹാളിൽ അടി നടക്കുന്ന വിവരം അറിഞ്ഞ് ഹണി അനുകൂലിയായ സിപിഎം സർവീസ് സൊസൈറ്റി പ്രസിഡണ്ട് ഹാളിൽ എത്തിയപ്പോഴേക്കും അടി രൂക്ഷമായി.

തുടർന്ന് ഹാളിൽ നിന്ന് ഇരുപക്ഷത്തേയും ഇറക്കിവിട്ടു. തുടർന്ന് ചേരിതിരിഞ്ഞ് സെക്രട്ടറിയേറ്റ് ക്യാമ്പസിൻ്റെ വിവിധ ഭാഗങ്ങളിൽ തർക്കങ്ങളും ഉണ്ടായി. പ്രതിപക്ഷ സർവീസ് സംഘടന അംഗങ്ങളുടെ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ ഇവരുടെ ചേരിതിരിഞ്ഞുള്ള അടി ചർച്ചയായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

അടുത്ത മാസം ആണ് സംഘടനയുടെ വാർഷിക യോഗം. തെരഞ്ഞെടുപ്പ് കാലത്തെ ചേരിതിരിഞ്ഞുള്ള അടി പാർട്ടി ഗൗരവമായി എടുത്തിരിക്കുകയാണ്. പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും ആയി പുതിയ ആളുകൾ സംഘടനയെ നയിക്കാൻ വരട്ടെ എന്ന നിലപാട് ആണ് സിപിഎം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ്റേത്.