തിരുവനന്തപുരം: കേരളമാകെ കനത്ത ചൂട് തുടരുന്നു. പാലക്കാട്, കൊല്ലം ജില്ലകളിലെ താപനില 40 ഡിഗ്രി സെല്‍ഷ്യല്‍ കവിഞ്ഞു. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനിലെ കണക്ക് പ്രകാരം, ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് കാഞ്ഞിരപ്പുഴയിലാണ്. 45.4 ഡിഗ്രി സെല്‍ഷ്യസ് താപനില ആണ് കാഞ്ഞിരപ്പുഴയില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി പാലക്കാട് ജില്ലയിലെ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. കാഞ്ഞിരപ്പുഴ ഡാമില്‍ ജലസേചന വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ നിന്നുള്ള കണക്ക് പ്രകാരം കാഞ്ഞിരപ്പുഴയില്‍ 45.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. പാലക്കാടിന്റെ കിഴക്കന്‍ മേഖലയിലെ എരിമയൂരില്‍ ഇന്നലെ 44.7 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനില രേഖപ്പെടുത്തി. കഴിഞ്ഞ ദിവസവും എരിമയൂരില്‍ 44 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
മുണ്ടൂരില്‍ ഇന്നലെ 42 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനില രേഖപ്പെടുത്തി. മലമ്പുഴയില്‍ 41 ഡിഗ്രി സെല്‍ഷ്യസും. മങ്കരയില്‍ 43 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഉയര്‍ന്ന താപനില. ജില്ലയിലെ ശരാശരി താപനില 43 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നതിന്റെ സൂചനയാണിത്. പകല്‍ സമയങ്ങളിലെ കടുത്ത ചൂടില്‍ ജനം വലയുകയാണ്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ചൂട് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
കൊടുംചൂടിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഉള്‍പ്പെടെ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് (41 ഡിഗ്രി സെല്‍ഷ്യസ്) അനുഭവപ്പെടാനുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലെ ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്.