ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന ബാലഗോപാലിന്റെ വാഗ്ദാനം പാഴായി; ശമ്പളം കിട്ടിയത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രം

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും വൈകും. ട്രഷറികളില്‍ എത്തിയ ശമ്പള ബില്ല് പ്രോസസ് ചെയ്യാനുള്ള നിര്‍ദ്ദേശം മന്ത്രി ബാലഗോപാല്‍ നല്‍കാത്തതാണ് ശമ്പളം വൈകുന്നതിന് കാരണം. ട്രഷറി ഉദ്യോഗസ്ഥര്‍ ബില്ലുകളും നോക്കി അന്തം വിട്ട് ഇരിക്കുകയാണ്. ബാലഗോപാല്‍ ഒന്നും മിണ്ടുന്നില്ല.

ട്രഷറി ഡയറക്ടറും ഒന്നും പറയുന്നില്ല. കഴിഞ്ഞ മാസത്തെ പോലെ ശമ്പളം അക്കൗണ്ടിലെത്തുമെന്നാണ് ധനവകുപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന. പെന്‍ഷന്‍കാരുടെ അവസ്ഥ അതിലും ദയനിയമാണ്.ആദ്യം ദിനം ലഭിക്കേണ്ട പെന്‍ഷന്‍ ലഭിച്ചില്ലെന്ന് മാത്രമല്ല ഓരോരുത്തരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലുള്ള നേരത്തെയുള്ള പണം പിന്‍വലിക്കാനും സാധിക്കുന്നില്ല എന്ന പരാതികളും ഉയരുന്നു.

കഴിഞ്ഞ മാസത്തെ പ്പോലെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നായിരുന്നു ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കുമെന്നായിരുന്നു ബാലഗോപാലിന്റെ വാഗ്ദാനം.

മന്ത്രിയുടെ വാഗ്ദാനത്തില്‍ വിശ്വസിച്ചിരിക്കുകയായിരുന്നു ജീവനക്കാരും പെന്‍ഷന്‍കാരും. ശമ്പളവും പെന്‍ഷനും വൈകുന്നതിന്റെ കാരണം ബാലഗോപാല്‍ വെളിപ്പെടുത്തുന്നില്ല. പതിവ് പോലെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആദ്യ ദിനം ശമ്പളം കിട്ടി. ശമ്പളവും പെന്‍ഷനും വൈകുമെന്ന് മലയാളം മീഡിയ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.