പ്രമുഖ സിനിമ -ടിവി താരം മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞു. ഏറെ നാളുകളായി ഇതേക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നുവെങ്കിലും രണ്ടുപേരും ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിരുന്നില്ല. നിലവിൽ സൗത്ത് സൈന പ്ലസ് യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ സുജിത് വാസുദേവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദയ സുജിത്താണ് ഇവരുടെ മകള്‍.

ഇരുവരും 2020 മുതല്‍ വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് നിയമപരമായ വിവാഹമോചനം നേടിയതെന്നാണ് സുചിത് വ്യക്തമാക്കിയത്. എങ്കിലും അവരുമായി എല്ലാവിധ സൗഹൃദങ്ങളും സൂക്ഷിക്കുന്നുണ്ടെന്നും സുജിത് കൂട്ടിച്ചേർത്തു.

മഞ്ജുവിന്റെ മികച്ച പ്രകടനത്തെക്കുറിച്ച് പരസ്പരം ചർച്ച ചെയ്യുമെന്നും ഇപ്പോഴും സൗഹൃദബന്ധം നിലനിർത്തുന്നുവെന്നും സുജിത്ത്. തന്റെ സിനിമയിലേക്കുള്ള ചുവടുവയ്പ്പിനു മഞ്ജു വഹിച്ച പങ്ക് വളരെ വലുതാണെന്നും സുജിത്ത് വാസുദേവ് ഓർമിച്ചു

മലയാളത്തിലെ മുൻനിര ഛായാഗ്രാഹകന്മാരിൽ ഒരാളാണ് സുജിത്. ലൂസിഫർ, L2 എമ്പുരാൻ സിനിമകളുടെ ഛായാഗ്രാഹകൻ ഇദ്ദേഹമാണ്. സീരിയൽ ലോകത്തെ പരിചയമാണ് ഇവരുടെ വിവാഹത്തിൽ എത്തിച്ചത്. വേർപിരിയലിനെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സുജിത് വിശദമാക്കുന്നത് ഇങ്ങനെ.

ഒരു സുഹൃത്ത് എന്ന നിലയിൽ നോക്കിക്കാണുമ്പോൾ ഒരാൾ വലിയ നിലയിൽ എത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. സുഹൃത്ത് എന്ന് പറയാൻ കാരണം, 2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയും പോയ മാസം ഡിവോഴ്സ് ചെയ്യുകയും ചെയ്തു എന്ന് സുജിത്ത് ഒരു ചോദ്യത്തിന് മറുപടിയായി പറയുകയായിരുന്നു.

കുറച്ചു നാളുകൾക്ക് മുൻപ് മഞ്ജു പിള്ള തിരുവനന്തപുരത്തു ഫ്ലാറ്റ് വാങ്ങിയിരുന്നു. ഇതിന്റെ പാലുകാച്ചൽ ചടങ്ങിൽ സുജിത്ത് എത്തിയിരുന്നില്ല. മകൾക്കൊപ്പമാണ് മഞ്ജു പിള്ള പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തത്. സുജിത്തിന്റെ കൊച്ചിയിലെ ഫ്ലാറ്റിന്റെ പാലുകാച്ചലിനും മകൾ ഉണ്ടായിരുന്നെങ്കിലും, മഞ്ജു ഇല്ലായിരുന്നു

മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ഹോം, ഫാലിമി എന്നിവയ്ക്ക് ശേഷമുണ്ടായ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് സുജിത്ത് വ്യക്തിജീവിതത്തെക്കുറിച്ച് മറുപടി നൽകിയത്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സുജിത്തിന്റെ പ്രതികരണം