മലയാളിക്ക് ഒരു ജീവിതകാലത്തേക്കുള്ള ചിരി സമ്മാനിച്ച് പ്രിയ നടൻ ഇന്നസെന്റ് വിടവാങ്ങിയിട്ട് ഒരുവർഷം. കഴിഞ്ഞ വർഷം മാർച്ച് 26 നാണ് ചിരിയുടെ തമ്പുരാൻ അരങ്ങൊഴിഞ്ഞത്. തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമയില്‍ സ്വതസിദ്ധമായൊരു അഭിനയശൈലിയായിരുന്നു ഇന്നച്ചനെന്ന ഇന്നസെൻ്റിന്.
തമാശകള്‍ക്കുമപ്പുറം ഏതൊരാള്‍ക്കും പ്രചോദനം കൂടിയായിരുന്നു ഇന്നസെന്റ്. കാന്‍സര്‍ രോഗത്തിന്റെ തീവ്രതയെ ചിരിയോടെ നേരിട്ട് ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രചോദനമായി ഇന്നസെന്റ്.
ഇന്നസെന്റ് എന്ന പേര് കേട്ടാൽ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്നത് ഒട്ടേറെ തമാശകളും ഭാവങ്ങളും സംഭാഷണങ്ങളുമാണ്. അത്രയ്ക്ക് ആത്മബന്ധം ഇന്നച്ചനുമായി മലയാളികൾക്ക് ഉണ്ടായിരുന്നു. ഇന്നസെന്റിന്റ നോട്ടവും ഭാവവും സംഭാഷണ രീതിയുമെല്ലാം മലയാളികള്‍ക്ക് മന:പാഠമായിരുന്നു. പേരിലുള്ള നിഷ്‍കളങ്കത സിനിമയ്‍ക്ക് പുറത്തെ തന്റെ സംഭാഷണങ്ങളിലും ഫലിപ്പിക്കാൻ ഇന്നസെന്റ് ശ്രമിക്കാറുണ്ടായിരുന്നു. ആ അദ്ദേഹത്തോടൊപ്പം മലയാളികൾ ചിരിച്ചത് 50 വർഷങ്ങളാണ്.
ഇന്നസെന്റിന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ കാണാന്‍ മലയാളികള്‍ക്ക് സാധിച്ചു. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും, മുകേഷ് നായകനായ ഫിലിപ്പ്‌സ് എന്നീ ചിത്രങ്ങളാണ് മരണ ശേഷം ഇന്നസെന്റിന്റെതായി വെള്ളിത്തിരയില്‍ എത്തിയത്.
അഞ്ഞൂറിലേറെ സിനിമകൾ അത്രയും തന്നെ കഥാപാത്രങ്ങൾ. മാന്നാർ മത്തായിയും കിട്ടുണ്ണിയും കെ.കെ ജോസഫും കെ.ടി മാത്യുവും ഇനാശുവും പണിക്കരും ശങ്കരൻകുട്ടി മേനോനും അയ്യപ്പൻ നായരും പൊതുവാളും വാര്യറും ഫാ തരക്കണ്ടവും ഡോ പശുപതിയും സ്വാമിനാഥനുമെല്ലാം സമ്മാനിച്ചാണ് ഈ മഹാനടന്റെ മടക്കം.
തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി. അതിന് കാരണം ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ കൂടെ പഠിപ്പിച്ചവരെല്ലാം ഇപ്പോൾ മാഷുമാരായി ചേർന്നു. അവരെന്നെ പഠിപ്പിക്കുന്നത് എനിക്ക് ഇഷ്ടായില്ല. അവര് തന്നെ ചോദിക്കാൻ തുടങ്ങി, താനിവിടെ കൊറേക്കാലം ആയാല്ലോ, നല്ല പ്രായം ഉണ്ടല്ലോ എന്ന്. അതോടെ പഠിപ്പിന് സുല്ലിട്ടു. ഐഎസ്ആർ ഒ ചെയർമാനായിരുന്ന എസ് രാധാകൃഷ്ണനും അദ്ദേഹത്തിന്റെ സഹോദരൻ ശിവദാസനും വി.പി. ഗംഗാധരനുമെല്ലാം ഇന്നസെന്റിന്റെ സഹപാഠികളായിരുന്നു. തന്റെ പോലെ ‘ഇരുന്ന്’പഠിക്കാനുള്ള കഴിവ് അവർക്കുണ്ടായിരുന്നില്ല എന്നതായിരുന്നു ഇന്നസെന്റിന്റെ ഭാഷ്യം.
സ്‌കൂൾ കാലം മുതൽ തന്നെ പൊതുപ്രവർത്തനത്തിൽ തുടക്കം കുറിച്ചിരുന്നു ഇന്നസെന്റ്. പഠിക്കുമ്പോൾ ക്ലാസ് ലീഡറായിരുന്നു, പിന്നീട് മുനിസിപ്പൽ കൗൺസിലറായി, യുവാവായി വിലസുമ്പോഴും വഴിയോര വർത്തമാനങ്ങൾക്കിടയിൽ തമാശകൾ പറയുമ്പോൾ ആളുകൾ ചിരിക്കുകയും അതിനിടയിൽ ആളാവുന്നതുമൊക്കെ പതിവായി.. വോളിബോൾ കോച്ചായി.. നടനായി..നിർമാതാവായി.. എംപിയായി.. ഇനി തന്റെ ഉദ്ദേശ്യം വേറെയാണെന്ന് പറയുമായിരുന്നു ഇന്നസെന്റ്.
പഠനം അവസാനിപ്പിച്ച് പല ബിസിനസുകളും ചെയ്ത് ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും ഗുണം പിടിച്ചില്ലെന്ന് പറയുമായിരുന്നു അദ്ദേഹം. നാട്ടിൽ ചില്ലറ നാടകങ്ങൾ ചെയ്താണ് അഭിനയം പരീക്ഷിക്കുന്നത്. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. നൃത്തശാലയായിരുന്നു ആദ്യ സിനിമ. അന്നത്തെ കാലത്ത് ഒട്ടുമിക്ക ഷൂട്ടിങുകൾ നടക്കുന്നത് മദ്രാസിലാണ്. സിനിമാക്കാരുടെ സ്വപ്ന ഭൂമി. ട്രെയിനിൽ കയറാനുള്ള കാശ് സംഘടിപ്പിച്ച് യാത്ര തിരിക്കും. ഏതെങ്കിലും സിനിമയിൽ ചെറിയ വേഷമുണ്ടോ എന്ന് നോക്കി അലഞ്ഞു തിരിയും. ഭാഗ്യം കൊണ്ട് എന്തേലും ഒത്തുകിട്ടും. നടനെന്ന നിലയിൽ ജാടയിട്ട് നാട്ടുകാരുടെ മുന്നിലൂടെ നടക്കുമ്പോൾ അവർ ചോദിക്കും, അടുത്ത പടം എന്നാണെന്ന്. അങ്ങനെയൊന്നിനെക്കുറിച്ച് നിശ്ചയമില്ലാത്തതിനാൽ ചമ്മിയ ചിരിയാരിക്കും മറുപടി. അഭിനയിച്ച ചിത്രങ്ങൾ നാട്ടിൽ റിലീസ് ചെയ്യുമ്പോൾ തിയേറ്ററിൽ ചെന്നിരുന്ന് ഇന്നസെന്റ് നാട്ടുകാർക്കൊപ്പം പടം കാണും. സിനിമയിൽ തന്നെ കാണുമ്പോൾ തൊട്ടടുത്തുള്ള ആളുകളെനോക്കും. അവർ തിരിച്ചറിഞ്ഞോ എന്നറിയാൻ എന്നാൽ ആരും മൈൻഡ് ചെയ്യാതാകുമ്പോൾ അമർഷമുണ്ടാകാറുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് ഇന്നെസെന്റ്.
അതിനിടെ ഒരുപാട് വേഷങ്ങൾ ചെയ്തുവെങ്കിലും മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങളാണ് ഇന്നസെന്റിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷന്റെ ഒരു അവാർഡും ഇന്നസെന്റിന് ലഭിച്ചു. എന്നാൽ അതുകണ്ട് സിനിമാക്കാർ ആരും വിളിച്ചില്ലെങ്കിലും സിനിമകൊണ്ടു തന്നെ ജീവിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു ഇന്നസെന്റിന്. അതു തന്നെയാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചതും. അഞ്ഞുറോളം സിനിമകളിലാണ് ഇന്നസെന്റ് വേഷമിട്ടത്. അവയിൽ ഏതാനും ചിത്രങ്ങളടെ പേരുകൾ ഇങ്ങനെ
പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ്, കടിഞ്ഞൂൽ കല്യാണം, മിമിക്‌സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനൽക്കാറ്റ്, ഉത്സവമേളം, മക്കൾ മാഹാത്മ്യം, അർജുനൻ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവിൽക്കാവടി, കിലുക്കം, കാബൂളിവാല, ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിംഗ്, മാന്നാർ മത്തായി സ്പീക്കിങ്, ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ്, കോട്ടയം കുഞ്ഞച്ചൻ, ദേവാസുരം, കിലുക്കം, മിഥുനം, നമ്പർ 20 മദ്രാസ് മെയൽ, ഡോക്ടർ പശുപതി, പൊൻമുട്ടയിടുന്ന താറാവ്, മൈ ഡിയർ മുത്തച്ഛൻ, വിയറ്റ്‌നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കൻ പത്രോസ്, പവിത്രം, പിൻഗാമി, പൈ ബ്രദേഴ്‌സ്, തൂവൽകൊട്ടാരം, അഴകിയ രാവണൻ, ചന്ദ്രലേഖ, അയാൾ കഥയെഴുതുകയാണ്, ഗജകേസരി യോഗം, സന്ദേശം, കുടുംബ കോടതി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കാക്കക്കുയിൽ, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണൻസ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്‌ലർ, സ്‌നേഹിതൻ, മനസ്സിനക്കരെ, കല്യണരാമൻ, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, തസ്‌കര വീരൻ, ക്രോണിക്ക് ബാച്ചിലർ, തുറുപ്പുഗുലാൻ, രസതന്ത്രം, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ സിനിമാപ്രേമികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവയാണ്.
സിനിമയിലെ തുടക്കക്കാലത്ത് തന്നെ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുമ്പേ, ഓർമയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ലഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു.മാലാമാൽ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. സത്യൻ അന്തിക്കാടിന്റെ മഴവിൽ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009 ൽ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു.