ചെന്നൈ: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ നിന്ന് 2016 മുതല്‍ കാണാതായത് ആറുപേരെയാണെന്ന് തമിഴ്‌നാട് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരിലാരെങ്കിലും തിരിച്ചെത്തിയിട്ടുണ്ടോ എന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നും പോലീസ് പറയുന്നത്.
ഇഷ ഫൗണ്ടേഷനില്‍ നിന്ന് കാണാതായ ഗണേഷനെ അന്വേഷിച്ച് സഹോദരന്‍ തിരുമലൈ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എം എസ് രമേഷ്, സുന്ദര്‍ മോഹന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ പൊലീസ് ഇക്കാര്യം വ്യാഴാഴ്ച സമര്‍പ്പിച്ചത്.
2007 മുതല്‍ ഇഷ ഫൗണ്ടേഷനുമായി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തന്റെ സഹോദരനെ 2023 മാര്‍ച്ചില്‍ കോയമ്പത്തൂരിലെ കേന്ദ്രത്തില്‍ നിന്ന് കാണാതായതായി തിരുമലൈ കോടതിയെ അറിയിച്ചു.
2016 മുതല്‍ ഇഷ ഫൗണ്ടേഷനില്‍ നിന്ന് നിരവധി ആളുകളെ കാണാതായതായി തമിഴ്നാട് പോലീസ് പറയുന്നു. ഇതില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇരാജ് തിലക് മുഖാന്തിരം അറിയിച്ചു. കാണാതായവരില്‍ ചിലര്‍ തിരിച്ചെത്തിയിരിക്കാമെങ്കിലും, സമഗ്രമായ വിശദാംശങ്ങള്‍ എളുപ്പത്തില്‍ ലഭ്യമല്ലെന്ന് അവര്‍ സൂചിപ്പിച്ചു.
പോലീസിന്റെ നിവേദനം പരിഗണിച്ച ബെഞ്ച്, അടുത്ത ഷെഡ്യൂള്‍ ചെയ്ത ഹിയറിംഗായ ഏപ്രില്‍ 18-നകം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ വിശദമായ സ്റ്റാറ്റസ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു.
ഗണേശനെ രണ്ടുദിവസമായി കാണാനില്ലെന്ന് ഇഷ ഫൗണ്ടേഷനാണെന്ന് തിരുമലൈ കോടതിയെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന്, 2023 മാര്‍ച്ച് 5ന് ഇഷ ഫൗണ്ടേഷനിലെ ദിനേശ് രാജ നല്‍കിയ പരാതിയില്‍ ഒരു മിസ്സിംഗ് കേസിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്റെ സഹോദരനെ കണ്ടെത്താന്‍ അടിയന്തര കോടതി ഇടപെടണമെന്നായിരുന്നു തിരുമലയുടെ ഹര്‍ജി.
പരാതി പ്രകാരം 2023 ഫെബ്രുവരി 28 ന് വൈകുന്നേരം ഗണേശന്‍ ഇഷ ഫൗണ്ടേഷന്‍ പരിസരത്തുനിന്ന് വെള്ളിയാങ്കിരി മലയുടെ അടിവാരത്തുള്ള പൂണ്ടി ക്ഷേത്രത്തിലേക്ക് ഓട്ടോറിക്ഷയില്‍ പോയെന്നും അന്നുമുതല്‍ കാണാതായെന്നുമാണ് പറയുന്നത്.
ഇത് തികച്ചും തെറ്റാണെന്ന് ഇഷ ഫൗണ്ടേഷന്‍ വാര്‍ത്തയോട് പ്രതികരിച്ചു. 2016 മുതല്‍ ഈശ യോഗാ സെന്ററില്‍ നിന്ന് ആറ് പേരെ കാണാതായെന്ന വാര്‍ത്ത തീര്‍ത്തും തെറ്റും അടിസ്ഥാന രഹിതവുമാണെന്ന് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.