കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നർത്തകൻ RLV രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നൽകിയാണു പരിപാടിക്കു വിളിക്കുന്നതെന്നു പറഞ്ഞ സുരേഷ് ഗോപി വിവാദത്തിൽ കക്ഷിചേരാനില്ലെന്നും അറിയിച്ചു.

സർക്കാരിനെതിരായ വികാരത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണു വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു. വേദി നൽകാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി അറിയിച്ചു. രാമകൃഷ്ണന്റെ സഹോദരൻ കൂടിയായ കലാഭവൻ മണിയും സുരേഷ് ഗോപിയും സിനിമകളിൽ ഒന്നിച്ച് വേഷമിട്ടിട്ടുണ്ട്.

നേരത്തേ, സത്യഭാമ കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ, ആർഎൽവി രാമകൃഷ്ണൻ അവിടെ പിഎച്ച്ഡി ചെയ്യാൻ സമർപ്പിച്ച അപേക്ഷ നിരസിച്ചപ്പോൾ രാമക‍ൃഷ്ണൻ പട്ടികജാതി കമ്മിഷനെ സമീപിച്ചിരുന്നു. പുറത്താക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ സത്യഭാമ ഭരണസമിതിയിൽനിന്നു രാജിവെച്ചു. തൊട്ടുപിന്നാലെ അവരെ പുറത്താക്കിയതായി കലാമണ്ഡലം അറിയിക്കുകയുമുണ്ടായി.