ഡല്‍ഹി : ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ക്ഷാമപണം നടത്തി സത്യവാങ്മൂലം സമര്‍പ്പിച്ച് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ. ‘നിയമവാഴ്ചയോട് വലിയ ബഹുമാനമുണ്ട്. പൂര്‍ണ്ണ മനസ്സോടെ ക്ഷാപണം നടത്തുന്നു .

ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്ന് കമ്പനി ഉറപ്പാക്കും’, ആചാര്യ ബാലകൃഷ്ണ സത്യവാങ്മൂലത്തില്‍ പറയുന്നു. പതഞ്ജലിയുടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ കഴിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഈ രാജ്യത്തെ പൗരന്മാരെ ഉദ്ബോധിപ്പിക്കുക മാത്രമാണ് കമ്പനിയുടെ ഉദ്ദേശ്യമെന്നും ബാലകൃഷ്ണ വ്യക്തമാക്കി.

ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബിള്‍ അഡ്വര്‍ടൈസ്മെന്റ്) നിയമത്തിലെ വ്യവസ്ഥകള്‍ കാലഹരണപ്പെട്ടതാണെന്നും പതഞ്ജലിയുടെ കൈവശം ഇപ്പോള്‍ ക്ലിനിക്കല്‍ ഗവേഷണത്തിനൊപ്പം തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ വിവരങ്ങളും ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു .

കേസില്‍ രണ്ട് ദിവസം മുൻപ് വാദംകേട്ടപ്പോള്‍ പതഞ്ജലി എംഡിയോടും സഹസ്ഥാപകന്‍ ബാബാ രാംദേവിനോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയ ശേഷവും ഇത് തുടര്‍ന്ന പതഞ്ജലി ആയുര്‍വേദയ്‌ക്കെതിരെ സുപ്രീംകോടതി നേരത്തെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു .

ഇതിന്റെ ഭാഗമായി ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണണന്‍ തുടങ്ങിയവര്‍ക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് ഇരുവരോടും നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.