FinanceNews

കേന്ദ്ര ജീവനക്കാർക്ക് 3 ശതമാനം ക്ഷാമബത്ത പ്രഖ്യാപിക്കും! കേരളത്തിൽ ക്ഷാമബത്ത കുടിശിക 21 ശതമാനത്തിലേക്ക്

കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത. ജൂലൈ മുതൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കും. ഇതോടെ ക്ഷാമബത്ത 58 ശതമാനമായി ഉയരും. നിലവിൽ 55 ശതമാനം ആണ് കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത.

ഇതോടെ കേരളത്തിലെ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക 21 ശതമാനമായി ഉയരും.കേന്ദ്രത്തിൽ പ്രഖ്യാപിക്കുന്ന മുറക്ക് കേരളത്തിൽ ഐ എ എസ്, ഐപി എസ്, ജുഡിഷ്യൽ ഓഫിസർമാർ എന്നിവരുടെ ക്ഷാമബത്ത 3 ശതമാനം വർദ്ധിപ്പിക്കും.

പി.എസ് സി ചെയർമാനും അംഗങ്ങൾക്കും 2025 ജനുവരി മുതൽ കേന്ദ്ര നിരക്കിൽ ആണ് ക്ഷാമബത്ത . അതുകൊണ്ട് തന്നെ ചെയർമാനും അംഗങ്ങൾക്കും 3 ശതമാനം ക്ഷാമബത്ത അനുവദിക്കും. കഴിഞ്ഞ ദിവസമാണ് 2 ശതമാനം ക്ഷാമബത്ത പി എസ് സി ചെയർമാനും അംഗങ്ങൾക്കും അനുവദിച്ചത്. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക പണമായി ഇവർക്ക് ലഭിക്കും. മറുവശത്ത് സർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കുകയും ഇല്ല.

ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം 3 ഗഡു ക്ഷാമബത്തയാണ് ജീവനക്കാർക്ക് അനുവദിച്ചത്. 2021 ജനുവരി, ജൂലൈ, 2022 ജനുവരി എന്നി കാലയളവിലെ ക്ഷാമബത്തയാണ് ജീവനക്കാർക്ക് അനുവദിച്ചത്. എന്നാൽ ഇതിൻ്റെ കുടിശിക നിഷേധിക്കുകയും ചെയ്തു. 117 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് നഷ്ടപ്പെട്ടത്. രാജ്യത്ത് വിലകയറ്റത്തിൽ ഒന്നാമതായ കേരളമാണ് ക്ഷാമബത്ത കുടിശികയിലും നമ്പർ വൺ.