
60,000 കോടി ചെലവിൽ ഏഴ് വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്: കരൺ അദാനി
ഡൽഹി: അടുത്ത പത്തുവർഷത്തിനുള്ളിൽ രാജ്യത്തിലെ ഏഴ് വിമാനത്താവളങ്ങൾ വിപുലീകരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ‘60,000 കോടി രൂപയാണ് വികസന ചെലവ്. അദാനി പോർട്ട് ഗ്രൂപ്പ് നിയന്ത്രിക്കുന്ന വിമാനത്താവളങ്ങളുടെ ശേഷി 2040 ഓടെ മൂന്നിരട്ടിയായി ഉയരുമെന്നും’ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കരൺ അദാനി പറഞ്ഞു.
‘ഇതിൽ 30,000 കോടി എയർസൈഡിനും ബാക്കി മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം, ഗുവാഹത്തി, ജയ്പൂർ, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലെ സിറ്റിസൈഡിനും വേണ്ടി ചെലവഴിക്കും’. അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് സി.ഇ.ഒ അരുൺ ബൻസാൽ പറഞ്ഞു
.വിമാനത്താവളത്തിന്റെ ആഗമന-പുറപ്പെടൽ വിഭാഗം, റൺവേ, കൺട്രോൾ ടവറുകൾ, ഹാംഗറുകൾ എന്നിവ ഉൾപ്പെടുന്ന ഭാഗമാണ് എയർസൈഡ്. എന്നാൽ സിറ്റിസൈഡ് വിമാനത്താവളത്തിന് ചുറ്റുമുള്ള വാണിജ്യ സൗകര്യങ്ങളുള്ള വിഭാഗത്തെയാണ് സൂചിപ്പിക്കുന്നത്.നവി മുംബൈ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട വികസനത്തിന് അനുവദിച്ച 18,000 കോടി രൂപ 60,000 കോടി വികസന പദ്ധതിയിൽപെടില്ലെന്നും ബൻസാൽ വ്യക്തമാക്കി.
അതേ സമയം ഇന്നലെ ലഖ്നൗ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തു. ‘അദാനി ഗ്രൂപ്പിന്റെ വിമാനത്താവളങ്ങൾക്ക് പ്രതിവർഷം 11 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെന്നും ഇത് മൂന്നിരട്ടിയായി ഉയർത്തുമെന്നും അദാനി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. 2040 ഓടെ വർഷത്തിൽ 30 കോടി വരെ യാത്രാക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന പദ്ധതിയാണ് കൊണ്ടുവരുന്നത്’. അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഗ്രൂപ്പിന് എയർപോർട്ട് സബ്സിഡിയറി ലിസ്റ്റ് ചെയ്യാനുള്ള പദ്ധതികൾ ഇല്ലെന്നും മാതൃ കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡിലൂടെയാണ് നിക്ഷേപ ധനസഹായം ലഭിക്കുകയെന്നും’ അദ്ദേഹം വ്യക്തമാക്കി.