ഡല്‍ഹി: കൈക്കൂലിക്കേസില്‍ അദാനിക്കെതിരെ യുഎസ് കുറ്റം ചുമത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി, കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്സിപിഎ) കേസ് ചുമത്തിയിട്ടില്ലെന്നാണ് അദാനി ഗ്രീന്‍ എനര്‍ജി (എജിഎല്‍) അറിയിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി എജിഎല്ലിന്റെ ചെയര്‍മാനും സാഗര്‍ അദാനി എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.
യുഎസ് എഫ്സിപിഎയുടെ ലംഘനത്തിന് കേസെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയും സംഭവത്തില്‍ ഇതേ, വിശദീകരണം നല്‍കിയിട്ടുണ്ട്.
ഗൗതം അദാനിക്കും സാഗര്‍ അദാനിക്കും എതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല, ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ യുഎസ് ഡിഒജെയുടെ കുറ്റപത്രത്തിലോ യുഎസ് എസ്ഇസിയുടെ സിവില്‍ പരാതിയിലോ പറഞ്ഞിരിക്കുന്ന കണക്കുകളില്‍ എഫ്സിപിഎയുടെ ലംഘനത്തിന് കേസെടുത്തിട്ടില്ല. സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് കരാര്‍ കിട്ടാന്‍ ഇന്ത്യയിലെ തെലുങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ അദാനി ഗ്രൂപ്പ് 255 കോടിലധികം തുക കൈക്കൂലി നല്‍കിയെന്നായിരുന്നു കേസ്.