സംസ്ഥാനത്ത് വീണ്ടും നരബലി : നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി : ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി പോലീസ്

കട്ടപ്പന : രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടി. സംസ്ഥാനത്ത് വീണ്ടും നരബലി നടന്നതായി സൂചന. ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തി. കട്ടപ്പനയിൽ നടന്ന ഒരു മോഷണക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്.

പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയതായാണ്‌ വിവരം. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27), പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ പ്രതി വിഷ്ണു വിജയൻ്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജങ്ഷനിലുള്ള വിഷ്ണുവിൻ്റെ പഴയ വീടിന്‍റെ തറയിൽ കുഴിയെടുത്താണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത്.

വിഷ്ണുവിന്‍റെ സുഹൃത്തായ നിതീഷിന് വിഷ്ണുവിന്‍റെ സഹോദരിയിൽ ഉണ്ടായ കുട്ടിയെയാണ് കൊന്നത്. ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കൽ നിന്ന് വാങ്ങിക്കൊണ്ടുപോയത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വംനൽകിയത്.

ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക് ഷോപ്പിൽ മോഷണം നടത്തിയ കേസിൽ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വർക്ക് ഷോപ്പിന് സമീപത്ത് എത്തിയ വർക്ക് ഷോപ്പ് ഉടമയുടെ മകൻ ഇവർ സാധനങ്ങൾ മോഷ്ടിക്കുന്നത് കണ്ട് രണ്ടുപേരെയും പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് നരബലി സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments