മൂന്നുനാൾ നീണ്ട ‘വിലസ്ഥിരത’യ്ക്ക് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് മേലോട്ട് കുതിച്ചു. ഗ്രാമിന് 30 രൂപ വർധിച്ച് വില 5,790 രൂപയായി. 240 രൂപ ഉയർന്ന് 46,320 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ വർധിച്ച് 4,800 രൂപയുമായി. അതേസമയം, വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 76 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
രാജ്യാന്തര വില വർധിക്കുന്നതിന് ആനുപാതികമായാണ് കേരളത്തിലെ സ്വർണവിലയും ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഔൺസിന് 2,035 ഡോളറായിരുന്ന രാജ്യാന്തര വില ഇപ്പോൾ 10 ഡോളർ ഉയർന്ന് 2,045 ഡോളറിലെത്തി. അമേരിക്കയിലെ റീറ്റെയ്ൽ പണപ്പെരുപ്പം ഡിസംബറിലെ 2.6 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 2.4 ശതമാനത്തിലേക്ക് താഴ്ന്നത് സ്വർണത്തിന് നേട്ടമാവുകയായിരുന്നു.
പണപ്പെരുപ്പം താഴ്ന്നതിനാൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന നടപടികളിലേക്ക് അതിവേഗം കടക്കാൻ അമേരിക്കൻ കേന്ദ്രബാങ്കായ യു.എസ് ഫെഡറൽ റിസർവിന് സാധിക്കും. ഈ വിലയിരുത്തലുകളുടെ പശ്ചാത്തലത്തിൽ ഡോളറിന്റെ മൂല്യവും അമേരിക്കൻ സർക്കാരിന്റെ ട്രഷറി ബോണ്ടുകളുടെ യീൽഡും (കടപ്പത്രങ്ങളിൽ നിന്നുള്ള ആദായത്തിന്റെ നിരക്ക്) കുറഞ്ഞതാണ് സ്വർണത്തിലേക്ക് നിക്ഷേപം കൂടാനിടയാക്കുന്നതും വില വീണ്ടും കൂടുന്നതും.