തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്‍ രാഷ്ട്രപതി ഒപ്പിട്ടത് മറച്ച് വച്ച് സര്‍ക്കാരും ഗവര്‍ണറും. ലോകായുക്ത ബില്‍ ഭേദഗതിയില്‍ ഫെബ്രുവരി 9 ന് രാഷ്ട്രപതി ഒപ്പിട്ടിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അന്ന് തന്നെ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ലഭിച്ചിരുന്നു.

ലോകസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഇത് പുറത്ത് പറയാതെ അത്യന്തം രഹസ്യമാക്കി വയ്ക്കാനായിരുന്നു ഇവരുടെ പദ്ധതി. ബി.ജെ.പിയും സി പി എമ്മുമായുള്ള ഒത്തു തീര്‍പ്പ് പ്രതിപക്ഷം ആരോപിക്കുമെന്ന ഭയമായിരുന്നു എല്ലാം രഹസ്യമാക്കി വയ്ക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

ഇന്നലെ രാത്രിയോടെ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ന്ന് കിട്ടിയതോടെയാണ് രഹസ്യം പുറത്ത് വന്നത്.ഫെബ്രുവരി 9 ന് രാഷ്ട്രപതി ഒപ്പിട്ട വിവരം 20 ദിവസത്തോളം ഗവര്‍ണറും സര്‍ക്കാരും മറച്ച് വച്ചു.

ത്രിപുരയില്‍ ജ്യോതി ബസു അനുസ്മരണത്തിന് ചെല്ലാമെന്ന് ഏറ്റിരുന്ന പിണറായി വിജയന്‍ അപ്രതീക്ഷിതമായി യാത്ര മാറ്റി കേരള സന്ദര്‍ശനം നടത്തിയ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. കെ.വി തോമസ് ആയിരുന്നു അപ്രതീക്ഷിതമായി മുഖ്യമന്ത്രിയെ മോദിക്ക് മുന്നില്‍ എത്തിച്ചത്.

ജനുവരി 16 നായിരുന്നു ഇരുവരും കണ്ടത്. കൃത്യം 24 ദിവസം കഴിഞ്ഞ് ലോകായുക്ത ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടു. വര്‍ഷങ്ങളായി പിടിച്ചു വച്ചിരിക്കുന്ന നിരവധി ബില്ലുകള്‍ രാഷ്ട്രപതിഭവനില്‍ ഉള്ളപ്പോഴാണ് തിരക്കിട്ട് ലോകായുക്ത ഭേദഗതി ബില്ലില്‍ ഒപ്പിട്ടത്. ഇത് ഗൂഢാലോചനയും ഒത്തുതീര്‍പ്പും ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞു.

മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയുള്ള 17 എ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തതോടെ അഴിമതി നിരോധന നിയമം ദുര്‍ബലമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന ഭേദഗതിയാണ് കേരള സര്‍ക്കാര്‍ കൊണ്ടു വന്നത്.

നവംബര്‍ 28 ന് രാഷ്ട്രപതിക്ക് അയച്ച ബില്‍ ഇത്രയും വേഗത്തില്‍ പാസാക്കി തിരിച്ചയച്ചത് അദ്ഭുതകരമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഒരു അണ്ണന്‍- തമ്പി ഇപ്പോഴുമുണ്ട്. അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതാക്കുന്നതില്‍ മുഖ്യമന്ത്രിക്കും കേരളത്തിലെ സി.പി.എമ്മിനും കേന്ദ്രത്തിലെ സംഘപരിവാറുമായി ഉണ്ടെന്നത് വ്യക്തമാക്കുന്നതാണ് ലോകായുക്ത ബില്‍ രാഷ്ട്രപതി ഒപ്പുവച്ച സംഭവം.

കേരളത്തിലെ സി.പി.എം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് മേല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തിയാണ് രാഷ്ട്രപതിയുടെ അനുമതി വാങ്ങിയതെന്നും സതീശന്‍ പറഞ്ഞു.