തിരുവനന്തപുരം: നാലാമത് ലോക കേരള സഭ സമ്മേളനം ജൂൺ 5 മുതൽ 7 വരെ തിരുവനന്തപുരത്ത്. ഇതിന് ശേഷം 2 മേഖല സമ്മേളനങ്ങൾ വിദേശ രാജ്യങ്ങളിൽ വച്ച് നടക്കും. 2 കോടി രൂപ ലോക കേരള സഭയുടെ നടത്തിപ്പിനായി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

3 ദിവസം നീണ്ട് നിൽക്കുന്ന പരിപാടിക്ക് 10 കോടിയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 3 സമ്മേളനവും പ്രവാസികൾക്ക് യാതൊരു പ്രയോജനവും ഉണ്ടായില്ല എന്ന ആക്ഷേപം ശക്തമാണ്. മറിച്ച് ലോക കേരള സഭയുടെ ബാനറിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബങ്ങളും ലോകരാജ്യങ്ങൾ ചുറ്റി കറങ്ങുകയാണെന്നും വിമർശനം ഉണഅട്.

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 05 മുതല്‍ 07 വരെയാണ് കേരള നിയമസഭാമന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ചേരുന്നത്. സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയർക്ക് മാർച്ച്‌ നാലു മുതല്‍ അപേക്ഷ നല്‍കാവുന്നതാണെന്ന് ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടർ അറിയിച്ചു.

വിദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുളളവര്‍ക്കും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി കേരളീയർക്കും അപേക്ഷിക്കാം. ലോക കേരള സഭയുടേയും നോർക്ക റൂട്ട്സിന്റെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ മുഖേന അപേക്ഷ നല്‍കാവുന്നതാണ്. ഓൺലൈൻ മുഖേന മാത്രമേ അപേക്ഷ നല്‍കാനാകൂ.

ലോക കേരള സഭയില്‍ 182 പ്രവാസി പ്രതിനിധികളാണ് അംഗങ്ങളായുള്ളത്. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും സഭയിൽ പങ്കെടുക്കുന്നതാണ്. അപേക്ഷകൾ പരിശോധിച്ച് ഓരോ ഭൂപ്രദേശങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയായിരിക്കും സഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുക.