തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിവാദത്തിൽ മാത്യൂ കുഴൽനാടന്റെ ഹർജി ഫയലിൽ സ്വീകരിച്ച് കോടതി. മുഖ്യമന്ത്രിക്കും മകൾക്കും സിഎംആർഎല്ലിനും എതിരെ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടുള്ള കുഴൽനാടന്റെ ഹർജിയാണ് ഫയലിൽ സ്വീകരിച്ചത്.

തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി സ്വീകരിച്ചത്. തുടർന്ന് വിജിലൻസിന് കോടതി നോട്ടീസ് അയച്ചു. കുഴൽനാടന്റെ പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടു. കേസ് 14ന് വീണ്ടും പരിഗണിക്കും.

മുഖ്യമന്ത്രിക്കും മകൾക്കും എതിരെ വിജിലൻസിന് നൽകിയ പരാതിയിൽ തുടർനടപടിയില്ലാത്ത സാഹചര്യത്തിൽ ആണ് മാത്യൂ കുഴൽനാടൻ കോടതിയെ സമീപിച്ചത്. സിഎംആർഎൽ കമ്പനിക്ക് യഥേഷ്ടം കരിമണൽ ലഭിക്കാൻ വഴി ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ 2018 ൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണെന്ന് മാത്യു കുഴൽ നാടൻ ആരോപിച്ചിരുന്നു. കൊല്ലം തോട്ടപ്പള്ളിയിലെ കരിമണൽ സിഎംആർഎല്ലിന് ലഭിക്കുന്നത് ഈ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മാസപ്പടിക്ക് കാരണമായ സേവനം ഇതാണെന്നും മാത്യൂ കുഴൽനാടൻ ആരോപിച്ചു. വർഷങ്ങളോളം സിഎംആർഎല്ലിന് മണൽഖനനം ചെയ്യാൻ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യൂ കുഴൽ നാടൻ ആരോപിച്ചിരുന്നു.