ഇന്ത്യയിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സ്ഥലങ്ങളിൽ പ്രധാനപ്പെട്ടവയായി ഇതുവരെ അറിയപ്പെട്ടിരുന്നത് ജയ്പൂർ, ഉദയ്പൂർ, ജോധ്പൂർ, കേരളം തുടങ്ങിയ സ്ഥലങ്ങളാണ്. അതേസമയം ഹണിമൂണിനായി ഹിമാലയത്തിൻറെ താഴ്വാരങ്ങളിലെ മഞ്ഞ് മൂടിയ വിനോദസഞ്ചാര സ്ഥലങ്ങളും ആളുകൾ തെരഞ്ഞെടുക്കുന്നു. അതോടൊപ്പം പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് തുടങ്ങിയവയ്ക്കും വിവിധ പ്രദേശങ്ങൾ ആളുകൾ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു ഗുജറാത്തി കല്യാണ വീഡിയോ ഈ സങ്കല്പങ്ങളെ അടപടലം തകിടം മറിച്ചു.

ഹിമാചൽപ്രദേശിലെ മഞ്ഞുമൂടിയ സ്‌പിതി താഴ്‌വരയായിരുന്നു ഗുജറാത്തിൽ നിന്നുള്ള ഒരു വരനും വധുവും തങ്ങളുടെ വിവാഹവേദിയായി തെരഞ്ഞെടുത്തത്. ഹിമാചൽപ്രദേശ് സർക്കാറിലെ ഒരു ഉദ്യോഗസ്ഥനായ അജയ് ബൻയാലാണ് തണുത്ത് വിറച്ച ഈ വിവാഹത്തിൻറെ വീഡിയോ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, ‘ഇതുപോലൊരു വിവാഹം! കാമുകിയുടെ പിടിവാശി കാരണം ഗുജറാത്തിൽ നിന്നുള്ള പ്രണയ ജോഡികൾ സ്പിതിയിൽ എത്തുകയും മൈനസ് 25 ഡിഗ്രി തണുപ്പിൽ വിവാഹ വേദി അലങ്കരിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ആദ്യ കേസാണിത്. ഇന്ന് (ഫെബ്രുവരി 26) സ്പിതിയിലെ മുരാംഗിൽ ഒരു അതുല്യ വിവാഹം നടന്നു. ഇതൊരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൻറെ ഉദാഹരണമാണ്. മൂടൽമഞ്ഞുള്ള സാഹചര്യങ്ങൾക്കിടയിലാണ് വീഡിയോ തുറക്കുന്നത്, താഴ്‌വരയ്ക്ക് ചുറ്റും മഞ്ഞുമൂടിയ മലനിരകൾ. മഹീന്ദ്ര ഥാറിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ, ആവേശഭരിതയായ വധു ഫോട്ടോഗ്രാഫുകൾക്ക് പോസ് ചെയ്യുന്നത് കണ്ടു.’

വിവാഹവേദിയിൽ വച്ച് വരൻ വധുവിനെ ആലിംഗനം ചെയ്തപ്പോൾ അതിഥികൾ ആവേശഭരിതരായി ശബ്ദമുണ്ടാക്കുന്നുതും വീഡിയോയിൽ കേൾക്കാം. ഹിമാലയത്തിൻറെ താഴ്വാരയിൽ നിന്നും വിവാഹം കഴിക്കുക എന്നത് വധുവിൻറെ ആഗ്രഹമായിരുന്നു. എന്നാൽ, മൈനസ് 25 ഡിഗ്രി തണുപ്പിൽ വിവാദ വേദിയൊരുക്കുക അത്ര എളുപ്പമായിരുന്നില്ല. അത് പോലെ തന്നെ വിവാഹം ചിത്രീകരിക്കാൻ ക്യാമറാമാന്മാരും ഏറെ പാടുപെട്ടു. വീഡിയോയിൽ അതിഥികളെല്ലാം തന്നെ കണ്ണ് മാത്രം വെളിയിൽ കാണിച്ച് ശരീരം മുഴുവനും കബിളികൊണ്ട് മൂടിപുതച്ചാണ് നിന്നത്. ലാഹുൽ, സ്പിതി ജില്ലയിലെ ഉദയ്പൂർ തഹസിൽ സ്ഥിതി ചെയ്യുന്ന മുരാംഗ് വില്ലേജിലാണ് സംഭവമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. എന്നാൽ വീഡിയോയെ ചിലർ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ‌ രൂക്ഷമായി വിമർശിച്ചു. ‘ഇനി ഇതാകും ട്രൻറ്. പരിപാടി കഴിഞ്ഞ് അതിഥികളും വധൂവരന്മാരും പോകും. വിവാഹത്തിൻറ ബാക്കിയായി മാലിന്യം മുഴുവനും ആ മഞ്ഞിൽ കിടക്കും’ ഒരു കാഴ്ചക്കാരൻ അസ്വസ്ഥതയോടെ കുറിച്ചു.