അരൂര്‍: ഓടുന്ന ട്രെയിനുകള്‍ക്കു നേരേ കല്ലെറിഞ്ഞ കേസില്‍ യുവാവിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്തു. അരൂര്‍ എടമന്‍ ഹൗസില്‍ സ്വദേശി മീരജ് മധു എന്ന 18 വയസ്സുകാരനെയാണ് പിടികൂടിയത്.
അരൂര്‍ മേഖലയില്‍ നിരന്തരമായി തീവണ്ടികള്‍ക്കു നേരേ കല്ലേറ് നടന്നിരുന്നു. ഫെബ്രുവരി മൂന്നിന് ആലപ്പുഴ -ചെന്നൈ എക്‌സ്പ്രസിനു നേരേ കല്ലേറുണ്ടായി. തിങ്കളാഴ്ച സന്ധ്യയോടെ ജനശതാബ്ദി, നേത്രാവതി എക്‌സ്പ്രസ് തീവണ്ടികള്‍ക്കു നേരേയും കല്ലേറ് നടന്നു.
ഈ സംഭവങ്ങളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ലെങ്കിലും ജനശതാബ്ദിയുടെ ചില്ല് പൊട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
എറണാകുളം സൗത്ത് ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ വേണു, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പ്രജിത്ത് രാജ്, കോണ്‍സ്റ്റബിള്‍ അജയഘോഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ആലപ്പുഴ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.