427 അഴിമതി കേസുകൾ രജിസ്റ്റർ ചെയ്ത് വിജിലൻസ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് വിജിലൻസ് രജിസ്റ്റർ ചെയ്തത് 427 അഴിമതി കേസുകൾ. ഏറ്റവും കൂടുതൽ അഴിമതി മന്ത്രി എം.ബി രാജേഷിൻ്റെ തദ്ദേശ വകുപ്പിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

95 അഴിമതി കേസുകളാണ് തദ്ദേശ ഭരണ വകുപ്പിൽ നടന്നത്. അഴിമതിയിൽ രണ്ടാം സ്ഥാനം മന്ത്രി കെ. രാജൻ്റെ റവന്യു വകുപ്പാണ്. 76 എണ്ണം.മൂന്നാം സ്ഥാനത്ത് സജി ചെറിയാൻ്റെ സഹകരണവകുപ്പ്. 37 എണ്ണം. നാലാം സ്ഥാനം കൈവരിച്ചിരിക്കുന്നത് പിണറായി വിജയൻ്റെ പോലിസ് വകുപ്പും.

22 അഴിമതി കേസുകളാണ് പോലിസ് വകുപ്പിൽ നിന്നും വിജിലൻസ് രജിസ്റ്റർ ചെയ്തത്. അഞ്ചാം സ്ഥാനത്ത് മന്ത്രിമാരായ മുഹമ്മദ് റിയാസും വീണ ജോർജും ആണ്. പൊതുമരാമത്ത് വകുപ്പിലും ആരോഗ്യ വകുപ്പിലും 19 കേസുകൾ വീതം വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അഴിമതി സംസ്ഥാന സർക്കാർ സർവീസിൽ വ്യാപകമായി പടരുന്നു എന്ന് കണക്കുകളിൽ നിന്ന് വ്യക്തം. അഴിമതി കേസുകളിൽ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും 6 മാസത്തിനുള്ളിൽ സർക്കാർ സർവീസിൽ തിരികെ എത്തുന്നത് പതിവാണ്. ഭരണത്തിലെ സ്വാധിനം ഉപയോഗിച്ച് ഇക്കൂട്ടർ നിർബാധം സർവീസിൽ തിരികെ എത്തും.

വീണ്ടും അഴിമതിക്ക് നേതൃത്വം കൊടുക്കും. വിജിലൻസ് പിടിച്ച കേസുകളേക്കാൾ എത്രയോ ഇരട്ടിയാണ് യത്ഥാർത്ഥ അഴിമതി കേസുകളുടെ എണ്ണം. സ്പോൺസർഷിപ്പ് എന്ന പേരിൽ സർക്കാർ തന്നെ ഉദ്യോഗസ്ഥരെ കൊണ്ട് പിരിക്കുന്നതും കേരളിയത്തിലും നവകേരള സദസിലും കണ്ടു. രാഷ്ട്രിയ നേതൃത്വങ്ങളുടെ ആശീർവാദത്തോടെ നടക്കുന്ന അഴിമതികൾ വ്യാപകമാണ്.