തൃശ്ശൂർ : സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് കവി ബാലചുള്ളിക്കാട്, ശ്രീകുമാരൻ തമ്പി എന്നിവർ ഉയർത്തിയ വിമർശനങ്ങളിലെ എല്ലാ കുറ്റവും താൻ ഏറ്റെടുക്കുന്നുവെന്ന് കവിയും അക്കാദമി അദ്ധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സച്ചിദാനന്ദന്റെ ഏറ്റുപറച്ചിൽ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് മഹത്ത് പ്രവർത്തിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തനിക്ക് പങ്കില്ലാത്ത ഈ പ്രവർത്തികളുടെ കുരിശ് ഞാൻ ഏറ്റെടുക്കുന്നുവെന്നും സെൻ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചത് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹദ് പ്രവർത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് കാരണം തിരസ്‌കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഞാൻ ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചത് ഇതാണ്’- അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

സാഹിത്യ അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ മാന്യമായ തുക ലഭിച്ചില്ലെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിമർശനവും പിന്നാലെ കേരളഗാന വിവാദവുമെല്ലാം സാഹിത്യ അക്കാദമിയെയും അദ്ധ്യക്ഷനായ സച്ചിദാനന്ദനെയും കനത്ത പ്രതിരോധത്തിലാക്കിയിരുന്നു.

കേരളഗാന വിവാദത്തിൽ താൻ ഒരു നിയമ ലംഘനവും നടത്തിയിട്ടില്ലെന്നാണ് സച്ചദാനന്ദൻ പറഞ്ഞത്. അക്കാദമിയിലെ ഡോ. ലീലാവതി ഉൾപ്പെട്ട കമ്മിറ്റിയാണ് പാട്ട് തള്ളിയതെന്നും പാട്ട് എഴുതാൻ നിർദേശിച്ചതും ഇവർ തന്നെയായിരുന്നു എന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.