ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി നരേന്ദ്രമോദിയുടെ ക്ഷണം എത്തിയതിന്റെ ഞെട്ടലിലാണ് പ്രതിപക്ഷത്തെ ഏഴ് എം.പിമാര്‍. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍കോള്‍ വരുന്നത് ഡല്‍ഹിയിലുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തണമെന്ന്. കാര്യമറിയാതെ പ്രേമചന്ദ്രന്‍ ഉടനെ അവിടെത്തുകയും ചെയ്തു.

പുതിയ പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ കേന്ദ്രമന്ത്രി എല്‍.മുരുകനും, വിവിധ പാര്‍ട്ടികളിലെ മറ്റ് ആറ് എംപിമാരുമുണ്ട്. അല്‍പ്പ സമയം കഴിഞ്ഞ് പ്രധാനമന്ത്രി കാബിനില്‍ നിന്ന് പുറത്തു വന്ന് പറഞ്ഞു: ‘ഞാന്‍ ഇന്നു നിങ്ങളെ ശിക്ഷിക്കാന്‍ പോകുകയാണ്’.

തുടര്‍ന്ന് മോദി അവര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറി ഒന്നാം നിലയിലെ എം.പിമാരുടെ കാന്റീനിലേക്ക്. അവിടെ ഒരു മേശ പ്രത്യേകം മാറ്റിയിട്ടിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റ് എംപിമാരും അദ്ഭുതത്തോടെ നോക്കി. ‘ഞാന്‍ ആദ്യമായാണ് ഈ കാന്റീനില്‍ വരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതി.”, അദ്ദേഹം പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കി സാധാരണ മട്ടിലായിരുന്നു മോദിയുടെ ഇടപെടലുകള്‍. അദ്ദേഹം തന്റെ ഭക്ഷണ ശീലവും ദിനചര്യവും വിവരിച്ചു. രാവിലെയും ഉച്ചയ്ക്കും ലളിത ഭക്ഷണം. സൂര്യാസ്തമയം കഴിഞ്ഞ് ഭക്ഷണം കഴിക്കില്ല. മൂന്നര മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങില്ല. രാവിലെ കൃത്യമായി യോഗ. വിമാനത്തിലായാലും ഒഴിവാക്കില്ല.

2015ല്‍ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ചെന്നതും നേപ്പാളില്‍ ഭൂകമ്പമുണ്ടായ വിവരം അവിടത്തെ പ്രധാനമന്ത്രിയെ വിളിച്ചറിയിച്ചതും ,ഭൂകമ്പം തകര്‍ത്ത കച്ച് തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായി മാറിയതും, അഫ്ഗാനിസ്ഥാന്‍ യാത്രയുമെല്ലാം അദ്ദേഹം ഓര്‍ത്തു. പ്രധാനമന്ത്രി 45 മിനിറ്റോളം എം പിമാര്‍ക്കൊപ്പം ചെലവഴിച്ചു

സാധാരണക്കാരനെപ്പോലെയാണ് പ്രധാനമന്ത്രി പെരുമാറിയതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. വിവിധ പാര്‍ട്ടികളിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നിന്നുള്ള പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചെന്ന് മോദി പിന്നീട് എക്‌സില്‍ കുറിച്ചു.