തിരിച്ചടി ഭയന്ന് നിയമസഭ ചോദ്യങ്ങൾക്കുള്ള മറുപടി തടഞ്ഞുവെച്ചുവെന്ന് ആക്ഷേപം

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള നിയമസഭ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട കോടികള്‍, കേരളത്തിന്റെ കടം, ഗവര്‍ണര്‍ക്ക് കൂടുതലായി കൊടുത്ത തുക തുടങ്ങി 200 ഓളം സുപ്രധാന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ധനമന്ത്രിയില്‍ നിന്ന് ലഭിക്കാത്തത്. ജനുവരി 30 ന് ധനമന്ത്രി മറുപടി പറയേണ്ടയിരുന്നത് 200 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്കായിരുന്നു. ഒന്നിനും പോലും മറുപടിയില്ല.

ബാലഗോപാലിന് ഒളിക്കാന്‍ ഏറെയുണ്ട് എന്നാണ് മറുപടിയില്ലായ്മയില്‍ നിന്ന് വ്യക്തമാകുന്നത്. ധനകാര്യ വകുപ്പില്‍ നിന്ന് 200 നിയമസഭ ചോദ്യങ്ങളുടെ മറുപടിയും ബാലഗോപാലിന്റെ ഓഫിസില്‍ എത്തിച്ചിരുന്നു. കണക്കുകള്‍ കള്ളം പറയാത്തതുകൊണ്ട് തന്നെ മറുപടി നിയമസഭയില്‍ വച്ചാല്‍ ഭരണപക്ഷത്തിന് ദോഷമാകും എന്ന് മനസിലാക്കിയ ധനമന്ത്രി 200 നിയമസഭ ചോദ്യങ്ങളുടെ മറുപടിയും മന്ത്രി ഓഫിസില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

നിയമസഭ ചോദ്യങ്ങളുടെ മറുപടി തലേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പ് നല്‍കണമെന്നാണ് ചട്ടം. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന പുനഃപരിശോധന സമിതി റിപ്പോര്‍ട്ടും രണ്ടര വര്‍ഷമായി ബാലഗോപാലിന്റെ ഓഫിസില്‍ തടഞ്ഞ് വച്ചിരിക്കുകയാണ്.

25000 കോടി ഐ.ജി.എസ്.ടി ഇനത്തില്‍ കേരളത്തിന് നികുതി വകുപ്പിലെ കെടുകാര്യസ്ഥതമൂലം നഷ്ടപ്പെട്ടെന്ന് 2 വര്‍ഷം മുമ്പ് തയ്യാറാക്കിയ പബ്‌ളിക്ക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യു കമ്മിറ്റി റിപ്പോര്‍ട്ടും ബാലഗോപാലിന്റെ ഓഫിസില്‍ എത്തിയിട്ട് പുറം ലോകം കണ്ടില്ല.

ബാലഗോപാലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പബ്‌ളിക്ക് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡി. നാരായണ രാജിവച്ചു. പിണറായി സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥനാണ് നാരായണ. ധനമന്ത്രി ബാലഗോപാലിനെ തടഞ്ഞ് വയ്ക്കല്‍ മന്ത്രി എന്ന വട്ടപേരിലാണ് സെക്രട്ടേറിയേറ്റില്‍ അറിയപ്പെടുന്നത്.

ക്ഷേമ പെന്‍ഷന്‍ 6 മാസത്തെ തടഞ്ഞ് വച്ചിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ സെക്രട്ടേറിയേറ്റില്‍ മാത്രമല്ല കേരളം മുഴുവന്‍ തടഞ്ഞ് വയ്ക്കല്‍ മന്ത്രി എന്ന പേരിലാവും ബാലഗോപാല്‍ അറിയപ്പെടുക. കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയോടൊപ്പം പോയിരിക്കുകയാണ് ബാലഗോപാല്‍. കേന്ദ്രം കൊടുക്കാനുള്ളത് 71 കോടി മാത്രമാണ്.

അതുതന്നെ സംസ്ഥാന സര്‍ക്കാര്‍ വിശദാംശങ്ങള്‍ കൊടുക്കാത്തത് കൊണ്ട് മാത്രം. 57000 കോടിയാണ് കിട്ടാനുള്ള തെന്നാണ് ബാലഗോപാലിന്റെ കണക്ക്. ഇതെങ്ങെനെയാണ് എന്ന് ബാലഗോപാലിനും നിശ്ചയമില്ല. കണക്ക് അറിയാത്ത ബാലഗോപാലിന്റെ കണക്കാണ് കേരളം സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത്. വിധി വരുമ്പോള്‍ ബാലഗോപാല്‍ എയറിലാകും എന്നാണ് ധനകാര്യ വിദഗ്ധര്‍ പറയുന്നത്.