ഹിന്ദു ഐക്യവേദി വക്താവ് ആർ വി ബാബുവിന്റെ വിവാദ പരാമർശം ചാനൽ ചർച്ചയിൽ
കൊച്ചി : തൃശ്ശൂർ ഗുരുവായൂരിലെ പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നാണ് ഹിന്ദു ഐക്യവേദി വക്താവ് ആർ വി ബാബുവിന്റെ പരാമർശം. മലയാറ്റൂർ പള്ളി എങ്ങനെയാണ് ഉണ്ടായതെന്ന് മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയിട്ടുണ്ടെന്നും അത് വായിക്കണമെന്നും ആർ വി ബാബു പറഞ്ഞു.
ആർത്തുങ്കൽ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നു എന്ന് ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് പറഞ്ഞത് ശരിയാണ്. 50 വർഷം മുൻപ് പുറത്തിറക്കിയ സുവനീറില്‍ അത് പറഞ്ഞിട്ടുണ്ടെന്നും ആർ വി ബാബു വ്യക്തമാക്കി. ഗുരുവായൂരിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം ദൂരെ സെന്റ് തോമസ് സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പള്ളികളിൽ ഒന്നാണ് പാലയൂർ പള്ളി.
രാജ്യത്തെ ആദ്യ ക്രിസ്തീയ ദേവാലയങ്ങളിൽ പെട്ടതാണ് പാലയൂർ പള്ളി എന്ന പ്രത്യേകതയുമുണ്ട്. അന്തർദേശീയ തീർത്ഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി. ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിലാണ് പാലയൂർ പള്ളിയെ കുറിച്ച് ഹിന്ദു ഐക്യവേദി വക്താവ് ആർ വി ബാബു വിവാദ പരാമർശം ഉന്നയിച്ചത്