തിരുവനന്തപുരം : സംസ്ഥാന സർക്കാരിനു കീഴിലെ 18 പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണെന്ന് സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് റിപ്പോർട്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനു പകരം അവയെ ലാഭത്തിലാക്കുകയാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്നിരിക്കെ 18 സ്ഥാപനങ്ങൾ ഒറ്റയടിക്കു പൂട്ടുന്നത് ഇവ സംരക്ഷിക്കുന്നതിൽ സർക്കാർ ഇടപെടൽ ഫലപ്രദമല്ലെന്ന സൂചനയാണു നൽകുന്നത്.

അടുത്ത വർഷത്തേക്കുള്ള ബജറ്റിൽ സ്വകാര്യ മൂലധന നിക്ഷേപത്തിനു മുൻഗണന നൽകുന്നതിനാൽ പൊതുമേഖലയെ സർക്കാർ കൈവിടുമോ എന്ന ആശങ്ക പൊതുവേയുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം വരുമാനം കൊണ്ടു പ്രവർത്തിക്കണമെന്നതാണു ധനവകുപ്പിന്റെ നിലപാട്. കെഎസ്ആർടിസിയെ സർക്കാർ കയ്യയച്ചു സഹായിക്കുന്നുണ്ടെങ്കിലും സ്വന്തം കാലിൽ നിൽക്കണമെന്നു അടിക്കടി ഓർമിപ്പിക്കുന്നത് നിലപാടു മാറ്റത്തിന്റെ സൂചന കൂടിയാണ്. നഷ്ടത്തിൽ മുന്നിൽ‌ കെഎസ്ആർടിസി (1,521 കോടി), വാട്ടർ അതോറിറ്റി (1,312 കോടി), പെൻഷൻ ഫണ്ട് ലിമിറ്റഡ് (1,043 കോടി), കെഎസ്ഇബി (1,023 കോടി), സപ്ലൈകോ (190 കോടി) തുടങ്ങിയ സ്ഥാപനങ്ങളാണ്.

പൂട്ടുന്ന സ്ഥാപനങ്ങൾ

∙ കേരള പ്രിമോ പൈപ്പ് ഫാക്ടറി
∙ കഞ്ചിക്കോട് ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽസ്
∙ കെൽട്രോൺ കൗണ്ടേഴ്സ്
∙ കെൽട്രോൺ പവർ ഡിവൈസസ്
∙ കെൽട്രോൺ റെക്ടിഫയേഴ്സ്
∙ കേരള ഗാർമെന്റ്സ്
∙ കേരള സ്റ്റേറ്റ് വുഡ് ഇൻ‌ഡസ്ട്രീസ്
∙ കുന്നത്തറ ടെക്സ്റ്റൈൽസ്
∙ കേരള ആസ്ബസ്റ്റോസ് സിമന്റ് പൈപ്പ് ഫാക്ടറി
∙ കേരള ഹൗസിങ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ
∙ കേരള ഹൈസ്പീഡ് റെയിൽ‌ കോർപറേഷൻ
∙ പ്രതീക്ഷ ബസ് ഷെൽറ്റേഴ്സ് കേരള
∙ സിഡ്കോ മോഹൻ കേരള
∙ സിഡ്കെൽ ടെലിവിഷൻസ്
∙ വഞ്ചിനാട് ലെതേഴ്സ്
∙ ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള
∙ സ്കൂൾ ടീച്ചേഴ്സ് & നോൺ ടീച്ചിങ് കോർപറേഷൻ
∙ കേരള സ്പെഷൽ റിഫ്രാക്ടറീസ്