സ്റ്റാട്യൂട്ടറി പെൻഷനിലേക്ക് തിരിച്ചുപോകില്ലെന്ന് ഉറപ്പിച്ച് ബാലഗോപാല്‍

KN balagopal welfare pension

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം സംസ്ഥാനത്ത് ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍പരിശോധനയ്ക്കായി സമിതി രൂപവത്കരിച്ചതായും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഇതോടെ പഴയ സ്റ്റാട്യൂട്ടറി പെൻഷനിലേക്ക് തിരിച്ചു പോകില്ല എന്ന് വ്യക്തമായിരിക്കുകയാണ്. പഴയ പെൻഷനിലേക്ക് തിരികെ പോകും എന്ന സർക്കാർ അനുകൂല സംഘടനകളുടെ ഉറപ്പ് പാഴായി.

പഴയ പെൻഷൻ പദ്ധതിയിലേക്ക് പോകുന്നതിനു നിയമപരമായ തടസ്സങ്ങള്‍ ഒന്നും ഇല്ല എന്ന പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതിയുടെ റിപ്പോർട്ട് ഫയൽ 1000 ദിവസമായിട്ടും അനക്കാതെ വീണ്ടും പരിശോധന വാഗ്ദാനം നൽകി സർക്കാർ ജീവനക്കാരെ കബളിപ്പിക്കുന്നു എന്ന ആക്ഷേപം ശക്തമാകുകയാണ്.

കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാനങ്ങളും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പോലും ഇല്ലാതെ കേരളത്തിലെ പങ്കാളിത്ത പെൻഷൻ പദ്ധതി മുന്നോട്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായിട്ടുള്ള പ്രകടന പത്രികയിൽ ആണ് ആദ്യം ഇടം പിടിച്ചത്.

2018 നവംബറിൽ ജീവനക്കാരുടെ നിരന്തര സമ്മർദ്ദഫലമായി പദ്ധതി പിൻവലിക്കുന്നത് പഠിക്കാൻ ഒരു സമിതിയെ നിയമിച്ചു

2021 ൽ ഏപ്രിലിൽ സമിതി ജീവനക്കാർക്ക് അനുകൂലമായ റിപ്പോർട്ട് സർക്കാരിന് നൽകി. റിപ്പോർട്ട് പുറംലോകം കാണാതിരിക്കാൻ പഠിച്ച പണി പതിനെട്ടു പയറ്റി. ഒടുവിൽ സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമർശനം ഏറ്റു വാങ്ങിക്കൊണ്ട് റിപ്പോർട്ട് പുറത്ത് വിട്ടു.

റിപ്പോർട്ടിൽ തീരുമാനം എടുക്കാതെ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപുള്ള പ്രകടന പത്രികയിൽ വീണ്ടും പ്രഖ്യാപിച്ചു. പുനഃപരിശോധന സമിതി റിപ്പോർട്ടിൽ ഉടൻ തീരുമാനം എടുക്കും. അതിന് ശേഷം 1000 ദിവസങ്ങൾക്കിപ്പുറം ഫയൽ അനക്കാത്ത ധനമന്ത്രി ഒരു ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെയാണ് പങ്കാളിത്ത പെൻഷൻ പരിശോധിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരിക്കുന്നത്.

ഇതിനിടെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പദ്ധതിയിൽ വരുത്തിയ മാറ്റങ്ങളായ കുടുംബ പെൻഷൻ, 14% ഉയർന്ന സർക്കാർ വിഹിതം, ഡി.സി.ആർ.ജി നോട്ടിഫിക്കേഷൻ അടിസ്ഥാനത്തിൽ പഴയ പെൻഷനിൽ ഉൾപ്പെടുത്തൽ ഒന്നും കേരളത്തിൽ മാത്രം നടപ്പിലായിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments